പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അഞ്ജു ബോബി ജോര്‍ജ്, വിജയിച്ചാലും പരാജയപ്പെട്ടാലും മോദി നേരില്‍ കണ്ട് ആശയ വിനിമയം നടത്തുന്നു

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മലയാളിയും ലോങ് ജംപ് താരവുമായ അഞ്ജു ബോബി ജോര്‍ജ്. കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പിന്തുണയെയാണ് അഞ്ജു ബോബി ജോര്‍ജ് പ്രശംസിച്ചത്. താന്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാലത്ത് അത്‌ലറ്റിക്‌സ് ഫെഡറേഷനടക്കം വലിയ പിന്തുണയൊന്നും നല്‍കിയിരുന്നില്ല.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അങ്ങനെയല്ല. ഇന്ന് വിജയിച്ചാലും പരാജയപ്പെട്ടാലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് അത്‌ലറ്റുകളെ കണ്ട് ആശയ വിനിമയം നടത്തുന്നു. ഇതെല്ലാം കാണുമ്പോള്‍ തനിക്ക് അസൂയയാണ് തോന്നുന്നതെന്നും അഞ്ജു ബോബി ജോര്‍ജ് പറയുന്നു.

കഴിഞ്ഞ 25 വര്‍ഷമായി കായിക താരം എന്ന നിലയില്‍ ഇവിടെയുണ്ട്. എന്നാല്‍ മാറ്റങ്ങള്‍ ഇപ്പോഴാണ് കാണുന്നത്. ഇന്ത്യയ്ക്കായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മെഡല്‍ സ്വന്തമാക്കിയ വ്യക്തി താനാണ്. എന്നാല്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ നേട്ടത്തെ എടുത്തു കാണിക്കാനോ പ്രചരിപ്പിക്കാനോ തയ്യാറായില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.