അനുവിന്റെ ജീവനെടുത്തത് സർക്കാരിന്റെ അനാസ്ഥ: അനുവിന് ഒരു വര്‍ഷം മുന്‍പേ സര്‍ക്കാര്‍ ജോലി ലഭിക്കുമായിരുന്നു; തെളിവുകൾ പുറത്ത്

‌പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത അനുവിന് ഒരു വർഷം മുൻപേ സർക്കാർ ജോലി ലഭിക്കുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. നിയമനങ്ങൾ കൃത്യസമയത്ത് പിഎസ് സി നടത്താതിരുന്നതാണ് അനുവിന്റെ ദാരുണാന്ത്യത്തിലേക്ക് വഴിതെളിച്ചതെന്ന രേഖകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സീനിയോറിറ്റി ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിക്കാത്തതാണ് നിയമനങ്ങൾ കൃത്യസമയത്ത് നടത്താൻ വൈകിയത്. എക്‌സൈസ് വകുപ്പിൽ കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി 150ലധികം തസ്തികകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകൾ യഥാസമയം നികത്തിയിരുന്നെങ്കിൽ മരണപ്പെട്ട അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളിൽ വ്യക്തമാക്കുന്നു.‌‌

2008 ഡിസംബർ 31 ന് ശേഷം എക്‌സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസർമാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പൂർണമായും സ്ഥാനക്കയറ്റം നൽകി നികത്തേണ്ട ഒഴിവുകളും ഇതുമൂലം തടസപ്പെട്ടിരിക്കുന്നു. പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് റാങ്ക് പട്ടികയിൽ 76ാം റാങ്കുകാരനായിരുന്നു ഇന്നലെ ആത്മഹത്യ ചെയ്ത അനു. കഴിഞ്ഞമാസം 28 ന് പുറത്തിറങ്ങിയ എക്‌സൈസ് വകുപ്പിന്റെ ഉത്തരവിൽ വിവിധ ജില്ലകളിലായി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ 74 ഒഴിവുകളുണ്ടെന്ന് പറയുന്നു. ഈ മാസം പത്തിന് പുറത്തിറങ്ങിയ മറ്റൊരു ഉത്തരവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ 94 ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. അതായത് എക്‌സൈസ് വകുപ്പിൽ 150 ലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒഴിവുകൾ യഥാക്രമം നികത്തുകയും പ്രമോഷൻ നടപടികൾ കൃത്യമായി പാലിക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിൽ അനുവിന് ഒരു വർഷം മുൻപേ നിയമനം കിട്ടുമായിരുന്നുവെന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. അനുവിന്റെ ആത്മഹത്യ രാഷ്ട്രീയമായി ഏറ്റെടുത്തപ്പോൾ അനു ഉൾപ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്നാണ് പി എസ് സി നൽകുന്ന വിശദീകരണം. ഈ ലിസ്റ്റിൽ 72 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത് എന്നാണ് പിഎസ്‍സിയുടെ വിശദീകരണം.

തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. ജോലിയില്ലാത്തതിൽ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യെന്ന കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യ. ‌