ചേരാത്ത വസ്ത്രമാണെങ്കിൽ ബുദ്ധിമുട്ട് ആണെന്ന് പറയും- അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ശാലീന സൗന്ദര്യം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സമ്പാദിക്കാനും നടിക്കായി. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. മോഹൻലാൽ നായകനായ 12ത് മാൻ ആണ് അനുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഒരു തമിഴ് ചിത്രം ഉൾപ്പടെ അഞ്ചോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോളിതാ ഒരു സിനിമ തിരഞ്ഞെടുക്കുന്നതും വേണ്ടന്ന് വെയ്ക്കുന്നതിനും തന്റെ മാനദണ്ഡമെന്താണെന്ന് പറയുകയായിരുന്നു അനു സിത്താര. കഥാപാത്രം നോക്കിയാണ് താൻ എപ്പോഴും സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. അതിന് ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ നോക്കാറില്ലെന്നും നായികയായ ശേഷവും സഹതാര വേഷങ്ങൾ ചെയ്തിട്ടുള്ള അനു പറഞ്ഞു.

സിനിമകൾ കൂടുതൽ ചെയ്യുക ലഭിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക, ഇത്ര മാത്രമായിരുന്നു ചെയ്തു കൊണ്ടിരുന്നത്. നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണെന്നും അനു പറയുന്നു. അനാർക്കലിയിൽ വളരെ ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അത്തരം ചെറിയ കഥാപാത്രങ്ങളെ പോലും വിട്ടുകളയാത്തത് അവസരങ്ങൾ നഷ്ടപ്പെടുത്തരുത് എന്ന ചിന്തകൊണ്ടാണെന്നും അനു കൂട്ടിച്ചേർത്തു.

അന്യ ഭാഷകളിൽ നിന്നും ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും അതൊന്നും ചെയ്യാതെ ഇരുന്നതിനെ കുറിച്ചും അനു സംസാരിക്കുന്നുണ്ട്. തെലുങ്കിൽ നിന്നാണ് എനിക്ക് കൂടുതലും അവസരങ്ങൾ വന്നിട്ടുള്ളത്. പക്ഷേ അവർ പറയുന്ന കോസ്റ്റ്യൂം എനിക്ക് ധരിക്കാൻ കഴിയാത്തത് കൊണ്ട് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു കഥ കേൾക്കുമ്പോൾ ആദ്യം ആ കഥാപാത്രം എനിക്ക് ചേരുമോ എന്നാണ് ചിന്തിക്കാറുള്ളത്.

സംവിധായകൻ ഉദ്ദേശിക്കുന്ന തരത്തിൽ അത് ചെയ്യാൻ പറ്റുമോ എന്നൊക്കെയാണ് ആദ്യം ചിന്തിക്കുക. കഥ നല്ലതാണെങ്കിലും അവർ പറയുന്ന കോസ്റ്റ്യൂം ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളപ്പോൾ ഞാൻ അത് പറയും. എനിക്ക് അത് ചേരില്ല, ബുദ്ധിമുട്ടാണ് എന്ന് പറയും. അതൊരിക്കലും എനിക്ക് ആ വേഷം ഇടുന്നതോ ഇഷ്ടമല്ലാത്തുകൊണ്ടോ അല്ല, മറിച്ച് അത് എനിക്ക് ചേരില്ല എന്ന് തോന്നുന്നതു കൊണ്ടാണ്. ഞാനൊരു വസ്ത്രം ധരിക്കുമ്പോൾ അത് എനിക്ക് ചേരുന്നതാകണ്ടേ? ഞാൻ കണ്ണാടിയ്ക്ക് മുന്നിൽ നോക്കുമ്പോൾ അത് എനിക്ക് തന്നെ ചേരുന്നതായി തോന്നണം. അങ്ങനെ തോന്നിയില്ലെങ്കിൽ ഞാൻ എങ്ങനെയാണ് ക്യാമറയ്ക്ക് മുന്നിൽ പോയി നിൽക്കുന്നത്. പിന്നീട് അത് ആ സംവിധായകന് കൂടി ബുദ്ധിമുട്ടാകും. അത്തരം സാഹചര്യങ്ങൾ വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ അവിടെ നോ പറയുന്നതെന്നും അനു പറഞ്ഞു.