ശശി തരൂര്‍ എംപിക്ക് എതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശിച്ചെന്നാണ് കേസ്.സന്ധ്യ ശ്രീകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് തിരുവനന്തപുരം എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തരൂര്‍ എത്തിയിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പോസ്റ്ററില്‍ ഇന്ത്യയുടെ വികലമായ ഭൂപടം പോസ്റ്റ് ചെയ്ത് ശശി തരൂര്‍ എംപി വിവാദത്തിന് തിരിക കൊളുത്തിയിരുന്നു. പാക് അധീന കശ്മീര്‍ ഇല്ലാത്ത ചിത്രമായിരുന്നു ശശി തരൂര്‍ എം പി തന്റെ പ്രതിഷേധ പരിപാടിയുടെ പോസ്റ്ററില്‍ ട്വീറ്റ് ചെയ്തത്. സംഭവത്തിനെതിരെ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ എംപി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ‘ഇന്ത്യയെ വിഭജിക്കരു’തെന്ന പേരില്‍ കോഴിക്കോട് ഇന്ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകനായിരുന്നു ശശി തരൂര്‍. പരിപാടിയുടെ പോസ്റ്ററിലാണ് പാക് അധീന കാശ്മീര്‍ ഇല്ലാത്ത ചിത്രം ഉള്‍പ്പെട്ടിരുന്നത്. ഡിസിസി നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതിനു പിന്നാലെയാണ് തരൂര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് ഇതാദ്യമായല്ല പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം ഇറക്കുന്നതെന്നും പാക് അധീന കശ്മീരിനെ പാകിസ്ഥാന് നല്‍കുന്നത് കോണ്‍ഗ്രസിന്റെ പതിവാണെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇതോടെയാണ് തരൂര്‍ ട്വീറ്റ് പിന്‍വലിച്ചത്. രണ്ടാമത്തെ ട്വീറ്റില്‍ ഇക്കാര്യം തരൂര്‍ വിശദീകരിക്കുകയും ചെയ്തു.

അതേസമയം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്ന പ്രശ്‌നമില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരമാണ് ‘ആന്‍ എറാ ഓഫ് ഡാര്‍ക്!നെസ്’ എന്ന പുസ്തകത്തിലൂടെ തരൂരിന് ലഭിച്ചത്.

കുറച്ച് കാലം മുമ്പ് സര്‍ക്കാറിനോടുള്ള വിയോജിപ്പ് കാരണം മുതിര്‍ന്ന എഴുത്തുകാര്‍ പോലും പുരസ്‌കാരം തിരികെ നല്‍കിയപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അവരോട് പറഞ്ഞ ആളാണ് ഞാന്‍. അതുകൊണ്ട് എന്റെ കാര്യത്തിലും പുരസ്‌കാരം തിരികെ നല്‍കുമോ എന്ന ചോദ്യം പോലും ഉദിക്കുന്നില്ല. അങ്ങനെ ചെയ്യാനുള്ള പ്രത്യേക കാരണമൊന്നും ഞാന്‍ കാണുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. സാഹിത്യ അക്കാദമി പുരസ്‌കാരത്തെ സാഹിത്യപരമായ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. സര്‍ക്കാറിന് അതില്‍ കാര്യമല്ല. പുരസ്‌കാരങ്ങളെ ബഹുമാനിക്കുന്ന സാഹിത്യ സമൂഹമാണ് നമ്മുടേത്. എത്ര അഭിമാനകരമായ പുരസ്‌കാരമാണ് ഞാന്‍ നേടിയതെന്ന് എല്ലാവര്‍ക്കുമറിയാം. അഭിമാനിക്കാനുള്ള കാര്യവും അതുതന്നെയെന്ന് തരൂര്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി സമരം ശക്തമാകുമ്പോഴാണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. മുമ്പും ഇപ്പോഴും കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും പുരസ്‌കാരങ്ങള്‍ നിരസിക്കുകയോ തിരികെ നല്‍കുകയോ ചെയ്തിരുന്നു. പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ചും നിരവധി എഴുത്തുകാര്‍ പുരസ്‌കാരം തിരികെ നല്‍കിയിട്ടുണ്ട്.