ജോലി സമയത്ത് ഉറങ്ങി, പോലീസുകാര്‍ക്ക് മേലുദ്യോഗസ്ഥന്റെ വക വ്യത്യസ്ത ശിക്ഷ

ഡെറാഡൂണ്‍: ജോലി സമയത്ത് വീഴ്ച വരുത്തുന്ന പോലീസുകാര്‍ക്ക് പലതരത്തിലുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലതരത്തിലുള്ള അച്ചടക്ക നടപടികള്‍ പല ഉദ്യോഗസ്ഥര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാത്ത കീഴുദ്യോഗസ്ഥര്‍ക്ക് പോലീസ് സൂപ്രണ്ട് നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വളരെ വ്യത്യസ്തമായ ശിക്ഷയാണ് ഇദ്ദേഹം നല്‍കിയത്. ഡെറാഡൂണ്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് അരുണ്‍ മോഹന്‍ ജോഷിയാണ് വ്യത്യസ്ത ശിക്ഷ നല്‍കിയത്.

കൃത്യ നിര്‍വഹണത്തില്‍ ഉഴപ്പിയതിന് മൂന്ന് ദിവസം പത്ത് കിലോമീറ്റര്‍ വീതം ഓടുകയാണ് പൊലീസുകാര്‍ക്ക് സൂപ്രണ്ട് വിധിച്ച ശിക്ഷ. പോലീസ് ഉദ്യോഗസ്ഥരായ സന്ദീപ് രവി, സുനില്‍ പ്രസാദ്, അമോല്‍ രതി, സോഹം സിങ് എന്നിവര്‍ക്കാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഇത്തരത്തില്‍ ഒരു ശിക്ഷ നേരിടേണ്ടി വന്നത്.

ഡെറാഡൂണിലെ പ്രേം നഗറില്‍ ലോക്‌സഭാ സ്പീക്കറും മുഖ്യമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാരും പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് വലിയ സുരക്ഷാ മുന്‍കരുതലുകള്‍ പൊലീസ് കൈക്കൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനായി അരുണ്‍ മോഹന്‍ ജോഷി എത്തിയപ്പോള്‍ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഏഴ് പൊലീസുകാരില്‍ നാല് പേര്‍ സോഫയില്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. ആയുധങ്ങള്‍ ഉറങ്ങുന്നതിന് സമീപം വെച്ചായിരുന്നു പൊലീസുകാരുടെ സുഖമായ ഉറക്കം.

ഡെറാഡൂണില്‍ നിന്നുള്ള നാല് പൊലീസുകാരും ഹരിദ്വാറില്‍ നിന്നുള്ള മൂന്ന് പൊലീസുകാരുമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. നാല് പേരാണ് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയത്. പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷനടക്കമുള്ള ശിക്ഷയല്ല സൂപ്രണ്ട് വിധിച്ചത്. മൂന്ന് ദിവസം പത്ത് കിലോമീറ്റര്‍ ദൂരമാണ് നാല് പൊലീസുകാരും ഓടേണ്ടത്. പൊലീസുകാര്‍ ഓടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വിജിലന്‍സ് സീനിയര്‍ ഓഫീസറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

പൊലീസുകാര്‍ കാണിച്ച ഗുരുതരമായ വീഴ്ച ബോധ്യപ്പെടുത്താനാണ് അവര്‍ക്ക് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ജോലിയില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.