യു.ഡി.എഫിനെ ആത്മവിശ്വാസത്തിലേക്ക് നയിച്ചത് ചെന്നിത്തല പുറത്തുവിട്ട ആഴക്കടൽക്കൊള്ള കരാറും വ്യാജവോട്ട് ഇടപെടലും , കുറിപ്പ്

മാധ്യമപ്രവർത്തകനായ അഷ്റഫ് വട്ടപ്പാറ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കേരളത്തിലെ ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ മികവുപുലർത്താനായത് ചെന്നിത്തലയുടെ ഒറ്റ നേട്ടം കൊണ്ടു മാത്രമാണ്. ഇടതുപക്ഷം മികവിൽ അടിച്ചേൽപ്പിച്ച ‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്ന മുദ്രാവാക്യത്തിൽ ചുറ്റിത്തിരിഞ്ഞ യു.ഡി.എഫിനെ ആത്മവിശ്വാസത്തിലേക്ക് നടത്താനായത്, ചെന്നിത്തല പുറത്തുവിട്ട ആഴക്കടൽക്കൊള്ള കരാറും വ്യാജവോട്ട് ഇടപെടലിലെ തുടർവിജയങ്ങളും അടക്കമെന്നതിൽ ആർക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആയുധമില്ലാതെ യുദ്ധഭൂമിയിൽ നിൽക്കേണ്ടി വരുമായിരുന്നിടത്താണ് രമേശ് ചെന്നിത്തല പിണറായിസത്തിനെതിരെയും സർക്കാരിനെതിരെയും ആവനാഴി നിറച്ച് വെടിയുതിർത്തുകൊണ്ടേയിരുന്നതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

പലപ്പോഴായി ഉള്ളിൽ തോന്നിയ ചില രാഷ്ട്രീയ യാഥാർഥ്യങ്ങളിലേക്ക് ഒരെത്തിനോട്ടം. 33 വർഷമായ മാധ്യമ പ്രവർത്തനത്തിനിടെ ഇതാദ്യമാണ് സാമൂഹിക മാധ്യമ ഇടപെടൽ അതുക്കുംമേലേ ഈ ചെന്നിത്തല …ചെന്നിത്തലയെ സമ്മതിക്കണം … യു.ഡി.എഫിനെ ഇവിടെ വരെ എത്തിച്ചല്ലോ- തെരെഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഒരു സ്വകാര്യ സംസാരത്തിൽ മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞതിങ്ങനെ. തീർത്തും ശൂന്യതയിൽ നിന്ന് അടരാടിയാണ് അഞ്ചുവർഷമെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ‘യുദ്ധം ജയിച്ച്’ നിൽക്കുന്നത് എന്ന യാഥാർഥ്യത്തിലേക്ക് നോക്കുമ്പോൾ ഡോ. ഐസക്കിന്റെ നിരീക്ഷണം കൃത്യം. പ്രത്യേകിച്ച് നെഗറ്റീവ് ടച്ചിലായിരുന്നില്ല അദ്ദേഹത്തിന്റെ പ്രയോഗമെന്ന നിലക്ക്. പാർട്ടി ഒട്ടും സജ്ജമല്ലാത്ത കാലത്ത് പ്രതിപക്ഷ നേതാവും തളർന്നിരുന്നെങ്കിൽ ഇപ്പോഴത്തെ ചെറിയ പ്രതീക്ഷ പോലും കോൺഗ്രസുകാർക്ക് നൽകാൻ ആർക്കും കഴിയുമായിരുന്നില്ലെന്നതും സത്യം.

എത്രയോ വർഷമായി കേരളത്തിൽ പാർട്ടിയുടെ ഗ്ലാമറിൽ കോൺഗ്രസ് വിജയിക്കാതായിട്ട്. ഏ.കെ ആന്റണിക്ക് ശേഷം കോൺഗ്രസ് തിളക്കത്തിൽ ഇവിടെ മുഖ്യമന്ത്രിമാരുണ്ടായിട്ടില്ലെന്ന് പറയുന്നതാകും സത്യത്തോട് കൂടുതൽ അടുത്തു നിൽക്കുന്ന നിരീക്ഷണം. കെ. മുരളീധരനും ചെന്നിത്തലക്കും ശേഷം കെ.പി.സി.സി പ്രസിഡന്റുമാരുടെ തിളക്കത്തിൽ ഒരുവിജയവും കോൺഗ്രസിനെ തേടിയെത്തിയതായും തോന്നുന്നില്ല.
കോൺഗ്രസ്മുക്ത ഭാരത മുദ്രാവാക്യവുമായി ബി.ജെ.പി വന്നതോടെ രാഹുൽഗാന്ധി തീർത്തും പരിഹസിക്കപ്പെടുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം നടമാടുന്ന കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി സർക്കാരിനെതിരെ നീങ്ങിയ ചെന്നിത്തലയുടെ ആദ്യഘട്ടവും വ്യത്യസ്തമായിരുന്നില്ല.

ആ പരിഹാസങ്ങൾക്കെല്ലാം ചേർത്ത് മറുപടി നൽകാൻ അദ്ദേഹം നയിച്ച ഓരോ പോരാട്ടവും പിന്നീടങ്ങോട്ട് ഓരോന്നായി വിജയിച്ചതിലൂടെ സാധ്യമായെന്നതാണ് സവിശേഷത.ഇടതുപക്ഷം മികവിൽ അടിച്ചേൽപ്പിച്ച ‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്ന മുദ്രാവാക്യത്തിൽ ചുറ്റിത്തിരിഞ്ഞ യു.ഡി.എഫിനെ ആത്മവിശ്വാസത്തിലേക്ക് നടത്താനായത്, ചെന്നിത്തല പുറത്തുവിട്ട ആഴക്കടൽക്കൊള്ള കരാറും വ്യാജവോട്ട് ഇടപെടലിലെ തുടർവിജയങ്ങളും അടക്കമെന്നതിൽ ആർക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആയുധമില്ലാതെ യുദ്ധഭൂമിയിൽ നിൽക്കേണ്ടി വരുമായിരുന്നിടത്താണ് രമേശ് ചെന്നിത്തല പിണറായിസത്തിനെതിരെയും സർക്കാരിനെതിരെയും ആവനാഴി നിറച്ച് വെടിയുതിർത്തുകൊണ്ടേയിരുന്നത്.

പ്രതിപക്ഷ നേതാവായിരുന്നവരുടെ കാര്യശേഷിക്ക് മാർക്കിടാമെന്ന് വെച്ചാൽ മാറിയ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നൊരു നേതാവിന്റെ നിരന്തര പോരാട്ടത്തിന് (പൊതു വെ അസാധ്യമായത് ) മാർക്ക് കൂടുതലിടാതെ കഴിയില്ല. പാർട്ടിക്കപ്പുറത്താണ്‌നേതാവിന്റെ ഇടപെടൽ എന്നതു തന്നെ മുഖ്യ കാരണം. ഒരുപക്ഷേ പോരാട്ട വിജയങ്ങൾ കണക്കിലെടുത്താൽ വി.എസ്.അച്ചുതാനന്ദൻ എന്ന കേരളം ശ്രദ്ധിച്ച പ്രതിപക്ഷ നേതാവിനും മേലെയാണ് ചെന്നിത്തലയുടെ സ്ഥാനം. വി.എസിന് പാർട്ടി ഇടപെടലിൽ പലപ്പോഴും പരിമിതികളുണ്ടായി. മാധ്യമങ്ങളും പിണറായി വിരുദ്ധരുമുണ്ടായിരുന്നു വിഎസ് എന്ന ‘വീരശൂര പ്രതിപക്ഷനേതാവി’നെ രൂപപ്പെടുത്താൻ. അന്ന് പാർട്ടി എതിരായിരുന്നതും വി.എസിന്റെ മൈലേജ് വർധിപ്പിച്ചു. നേതൃത്വത്തിന് നേരെ വിരൽചൂണ്ടുന്നവർക്ക് ലഭിക്കാറുള്ള പൊതുസ്വീകാര്യതയും അദ്ദേഹത്തിന്റെ തിളക്കം കൂട്ടി. ഇത്തരം അനുകൂല സാഹചര്യങ്ങളില്ലാതിരുന്നിട്ടും രമേശ് ചെന്നിത്തല പക്ഷെ പാർട്ടി വിധേയനായി തന്നെ കടിഞ്ഞാൺ കൈക്കലാക്കി പോരാട്ടം നയിച്ചു.

ചെന്നിത്തല വിശ്രമിച്ചില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ കാലം കഴിച്ചാലും അടുത്ത ഭരണത്തിന് പ്രശ്‌നമില്ലെന്ന സ്ഥിതിയിൽ മാറ്റം വന്ന കാലത്ത് സമൂഹം ആവശ്യപ്പെടുന്ന ഇടപെടൽ ധീരമായി ഏറ്റെടുത്ത് മുന്നോട്ടു പോയി അദ്ദേഹം. സ്വന്തം പാർട്ടിയിലും മുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത പിണറായിയെന്ന ശക്തനെതിരെയാണ് ചെന്നിത്തല പോരാട്ടം നയിച്ചതെന്നും ഓർക്കണം. ഉമ്മൻ ചാണ്ടിയെന്ന അതികായന്റെ സ്വീകാര്യത കോൺഗസിലും മുന്നണിയിലും നിലനിൽക്കെത്തന്നെയാണ് ചെന്നിത്തലയുടെ പടയോട്ടം എന്നതും ശ്രദ്ധേയം. എന്തായാലും യുദ്ധം ജയിച്ചുതന്നെ ഈ പ്രതിപക്ഷ നേതാവ്.