ഹിന്ദു പെൺകുട്ടികൾ 18 വയസ്സിൽ വിവാഹം കഴിച്ച് ജനസംഖ്യ കൂട്ടണമെന്ന് അസം എംഎൽഎ

ന്യൂഡല്‍ഹി. മുസ്ലിം യുവതികളുടെ വഴി പിന്തുടര്‍ന്ന് ഹിന്ദു പെണ്‍കുട്ടികളും 18-ാം വയസ്സില്‍ വിവാഹം കഴിപ്പിക്കണമെന്ന് അസമില്‍നിന്നുള്ള എംഎൽഎയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായ ബദ്റുദീന്‍ അജ്മല്‍. ഇതുവഴി ജനസംഖ്യാ വര്‍ധനവിന് ഹിന്ദുക്കള്‍ മുസ്ലിംകളുടെ വഴി പിന്തുടരണമെന്നും ബദ്റുദീന്‍ അജ്മല്‍ പറയുന്നു. ഹിന്ദുക്കള്‍ ശരിയായ സമയത്തു വിവാഹം കഴിക്കുന്നില്ല.

അവര്‍ക്കു രണ്ടോ മൂന്നോ ബന്ധങ്ങളുണ്ടാകും. പക്ഷേ വിവാഹം കഴിക്കില്ല. ഒടുവില്‍ 40 വയസ്സാകുമ്പോള്‍ കുടുംബക്കാരുടെ സമ്മര്‍ദം മൂലം വിവാഹം കഴിക്കും. അപ്പോഴെങ്ങനെ കുട്ടികളുണ്ടാകും. മുസ്ലിം പെണ്‍കുട്ടികള്‍ 18 വയസ്സില്‍ത്തന്നെ വിവാഹിതരാകും. ആണ്‍കുട്ടികള്‍ 22 വയസ്സില്‍ വിവാഹം കഴിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത്.

ഹിന്ദുക്കളും ഇതു പിന്തുടരണം. പെണ്‍കുട്ടികളെ 18 വയസ്സില്‍ത്തന്നെ വിവാഹം കഴിപ്പിക്കണം. ഫലഭൂയിഷ്ഠമായ ഭൂമിയിലേ കൃഷി നടക്കൂ അജ്മല്‍ പറഞ്ഞു. അജ്മലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. അജ്മലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അമ്മയെയും സഹോദരിയെയും പോലും കുറ്റക്കാരാക്കുന്നതാണെന്ന് ബിജെപി എംഎല്‍എ ദിഗന്ത കലിത പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഇവിടെ നടക്കില്ല. രാഷ്ട്രീയത്തിനു വേണ്ടി തരംതാഴരുത്. നിങ്ങളുടെ അമ്മയുടെയും സഹോദരിയുടെയും അന്തസ്സിനുമേല്‍ ചവിട്ടരുത്. ഹിന്ദുക്കള്‍ക്ക് ബംഗ്ലദേശികളുടെ ഉപദേശം ആവശ്യമില്ല കലിത പറഞ്ഞു.