നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 50 പേരെ രക്ഷിച്ചു

ഡല്‍ഹി: ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ തീപിടിത്തം. ബിസ്‍രാഖ് മേഖലയിലെ ഷാബെരിയിലുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടിച്ചത്. ബേസ്മെന്റിലാണ് ആദ്യം തീ കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 12 ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സ്ഥലത്തെത്തി. പല നിലകളില്‍ കുടുങ്ങിയ അന്‍പതിലേറെപ്പേരെ സ്റ്റെയര്‍കേസ് വഴിയും മറ്റും പുറത്തെത്തിച്ചു.

കെട്ടിടത്തിന്റെ ഭൂഗർഭ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് ജോയിന്റ് കമ്മീഷണർ രവി ശങ്കർ ഛാബി പറഞ്ഞു. അഞ്ചു നില കെട്ടിടത്തിലെ താമസക്കാരെ താഴെ ഇറക്കാൻ പോലീസ് അതിവേഗം പ്രവർത്തിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. എത്ര ഫ്‌ലാറ്റുകൾക്ക് നാശനഷ്ടമുണ്ടായി എന്ന കണക്കും ലഭ്യമായിട്ടില്ല. കെട്ടിടം എല്ലാ നിർമ്മാണ ചട്ടങ്ങളും ലംഘിച്ചാണ് പണിതിരിക്കുന്നതെന്നും സൂചനയുണ്ട്.

പുറത്തേയ്‌ക്ക് അതിവേഗം രക്ഷപെടാനുള്ള ഗോവണികൾ കെട്ടിടത്തിലില്ലെന്നും പാർക്കിംഗ് സ്ഥലം സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണാക്കി ഉപയോഗിച്ചതായും സംശയമുണ്ട്. ആര്‍ക്കും പരുക്കില്ലെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ പ്രദീപ് ചൗബേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.