ബലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടത് പാക് സൈനികരും; മൃതദേഹങ്ങൾ പെട്രൊൾ ഒഴിച്ച് കത്തിച്ച് നദിയിൽ ഒഴുക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: ഇന്ത്യൻ സേന പാക്കിസ്താനിലെ ബലാക്കോട്ട് നടത്തിയ ആക്രമണത്തിൽ പാക് സൈനികർ ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ബലാക്കോട്ടിലെ ഭീകര ക്യാംപുകൾ ഇന്ത്യ തകർത്തെന്നും ഭീകരരും പാക് സൈനികരും മരിച്ചു വീണെന്നും തെളിവുകൾ നിരത്തി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യൻ ആക്രമണം വ്യാജമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തിരുത്തുന്നതാണ് പുതിയ വെളിപ്പെടുത്തൽ. വിവിധ ദേശീയ മാധ്യമങ്ങൾ ഫോൺ കോൾ വഴിയും മറ്റു രഹസ്യന്വേഷണങ്ങളിലൂടെയും കണ്ടെത്തിയ രേഖകൾ പ്രകാരം ഇന്ത്യ ബാലാകോട്ടിലെ ഭീകരക്യാംപുകൾ തകർത്തു എന്നു തന്നെയാണ് തെളിയുന്നത്. ആക്രണത്തിൽ സംഭവിച്ചതെന്ത് പുറം ലോകം അറിയാതിരിക്കാൻ ബാലാകോട്ടിലെ മൊബൈൽ ഇന്‍റർനെറ്റ് വരെ പാക്കിസ്ഥാൻ ബ്ലോക്ക് ചെയ്തിരുന്നു.

മരിച്ചവരെയെല്ലാം കുൻഹാർ നദിയിലാണ് അടക്കം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പെട്രോള്‍ ഉപയോഗിച്ച്‌ കത്തിച്ച്‌ നദിയില്‍ ഒഴുക്കിയതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടവരെ പെട്ടെന്നു തന്നെ വസിരിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്ക് മാറ്റുകയായിരുന്നു. ഭീകര ക്യാംപിന്റെയും ആക്രമണത്തിന്റെ റഡാർ ഇമേജുകളും മറ്റുതെളിവുകളും ഇന്ത്യൻ വ്യോമസേന സർക്കാരിനു കൈമാറിയിട്ടുണ്ട്.

നേരത്തെ സംഭവസ്ഥലം സന്ദർശിക്കാൻ ശ്രമിച്ച റോയിട്ടേഴ്സ് ലേഖകരെ 3 തവണ പാക്ക് സൈന്യം വഴിയിൽ തടഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട്. ആക്രമണത്തിൽ ഭീകരക്യാംപിലുണ്ടായിരുന്ന മുതിർന്ന പാക്ക് സൈനികര്‍ വരെ മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ ചിലര്‍ പറഞ്ഞത്. നാലോ അ‍ഞ്ചോ സൈനികർ മരിച്ചിട്ടുണ്ടെന്നാണ് ബാലോകോട്ടിലെ ഒരു വ്യക്തി ഫോൺ കോൾ വഴി പറഞ്ഞത്. ഇവിടുത്തെ ഭീകരക്യാംപുകളി‍ൽ പാക്ക് സൈനികരും പരിശീലനം നടത്തുന്നുണ്ടെന്നും വെളിപ്പെടുത്തി. എത്ര പേർ മരിച്ചു എന്നതു സംബന്ധിച്ച് ഇവർക്ക് കൃത്യമായ ധാരണയില്ല. ആക്രമണം നടന്നതിനു ശേഷം പുറത്തുനിന്നു ഒരാളെയും പ്രദേശത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഇവിടേക്കുള്ള വഴികളെല്ലാം സൈന്യം തന്നെ അടച്ചു. ആക്രമണം സംബന്ധിച്ചുള്ള ഒരു രേഖകളും പുറത്തുവിടരുതെന്ന് പാക്ക് സൈനിക മേധാവികൾ അറിയിപ്പു നൽകിയിരുന്നു.