അയോദ്ധ്യ രാമവിഗ്രഹത്തിന്റെ രൂപത്തിൽ 9 വയസുകാരൻ

9 വയസുകാരനെ രാം ലല്ലയാക്കി മാറ്റിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.പശ്ചിമ ബംഗാളിലെ അസൻസോളിൽ താമസിക്കുന്ന ആശിഷ് കുന്ദു , ഭാര്യ റൂബി എന്നിവരാണ് കുട്ടിയെ ഭംഗിയായി അണിയിച്ചൊരുക്കി രാംലല്ലയുടെ രീതിയിലേയ്‌ക്ക് മാറ്റിയത് . മൊഹിസീല പ്രദേശത്ത് താമസിക്കുന്ന അബീറാണ് രാം ലല്ലയാകാൻ എത്തിയത് . രാമക്ഷേത്രത്തിൽ ആരാധിക്കുന്ന വിഗ്രഹത്തിന്റെ കൃത്യമായ രൂപത്തിലേയ്‌ക്ക് ആശിഷും , റൂബിയും ചേർന്ന് അബീറിനെ മാറ്റി .

ജനുവരി 22ന് രാമക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാ ചടങ്ങ് മുതൽ ഇത് മനസിൽ ഉണ്ടായിരുന്നതായി ആശിഷ് പറയുന്നു.അതിനിടയിലാണ് അബീറിനെ പരിചയപ്പെട്ടത്. തുടർന്ന് ദമ്പതികൾ ഇരുവരും ചേർന്ന് അബീറിന്റെ കുടുംബാംഗങ്ങളെ കാണുകയും അനുമതി തേടുകയും ചെയ്തു . വീട്ടുകാർ സമ്മതിച്ചതോടെ റൂബിയും ആശിഷും ഒരുക്കങ്ങൾ തുടങ്ങി. ബ്യൂട്ടിപാർലർ നടത്തുകയായിരുന്ന ഇവർ പകൽ പാർലർ ജോലികൾ നോക്കുകയും രാത്രിയിൽ അബീറിനെ രാംലാലയാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. ഏകദേശം ഒരു മാസത്തിനുള്ളിൽ ഇരുവരും അബീറിനെ രാം ലല്ലയുടെ രൂപത്തിലേയ്‌ക്ക് മാറ്റുകയും ചെയ്തു. അയോധ്യയിലെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുന്നതിനാലാണ് വിഗ്രഹത്തിന് രാംലല്ല എന്ന് പേരുവന്നത്. ശ്രീ രാമനൊപ്പം സീതാദേവിക്ക് പ്രതിഷ്ഠയില്ലാത്തതും ആ സ്ഥലത്തിന്റെ പ്രത്യേകത മൂലം. പുതിയ വിഗ്രഹം സ്ഥാപിച്ചതിനും കൃത്യമായ കാരണമുണ്ട്.

ജന്മഭൂമിയിൽവച്ചാണ് ആരാധിക്കുന്നത്. ജനിച്ച സ്ഥലത്താകുമ്പോൾ ബാലരൂപത്തിൽ. അതുകൊണ്ട് രാംലല്ല. അഥവാ കുഞ്ഞുരാമൻ. ഉപനയനത്തിന് മുൻപുളള പ്രായം. അഞ്ചു വയസ്. നിഷ്ക്കളങ്കതയും കുട്ടിത്തവും വിട്ടുമാറാത്ത എന്നാൽ കാര്യങ്ങൾ ഗ്രഹിച്ചുതുടങ്ങിയ പ്രായത്തിലെ മൂർത്തി സങ്കൽപ്പം. ദേവൻ ബാലരൂപനായതിനാൽ ഭാര്യ സീതയുടെ വിഗ്രഹം ഗർഭഗൃഹത്തിലില്ല. സീതയുടെ പ്രതിഷ്ഠ മുകളിൽ രാം ദർബാറിൽ ഒരുക്കും. വൈഷ്ണവ വിശ്വാസപ്രകാരം ഏറെ വിശിഷ്ടമായ സാളഗ്രാമം അഥവാ കൃഷ്ണ ശിലയിലാണ് വിഗ്രഹം തയ്യാറാക്കിയിട്ടുള്ളത്. നിരന്തര സ്നാനവും അഭിഷേകം മൂലം കേടുവരാതിരിക്കാൻ വിശദമായ ശാസ്ത്രീയ പഠനത്തിന് ശേഷമാണ് ശില തിരഞ്ഞെടുത്തത്. താമരയിൽ നിൽക്കുന്ന രൂപം. കൈളിൽ സ്വർണ വില്ലും അമ്പും. ഒറ്റശിലയിൽ കൊത്തിയത്. 51 ഇഞ്ച് ഉയരം. വിഗ്രഹത്തിന് ചുറ്റും പ്രഭാവലയത്തിൽ ദശാവതാരം. ഒപ്പം ഓം, സ്വസ്തിക, ശംഖ്, ചക്രം.താമരയിതളൊത്ത കണ്ണുകൾ. നീണ്ട കൈകൾ. സമചരണം അഥവാ നിരതെറ്റാതെവച്ച കാലുകൾ.

മുപ്പത് അടി ദൂരെയായിരിക്കും ഭക്തർക്ക് ദർശനം. ദേവന്റെ ദൃഷ്ടി ഭക്തന്റെ ശിരസിൽ അനുഗ്രഹമായി എത്തും വിധം പ്രത്യേക മാർബിൾ പീഠത്തിലാണ് വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീരാമൻ ജനിച്ച രാമനവമി ദിനം സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിത്തടത്തിൽ വീഴും വിധം ഒരുക്കിയ ഗർഭഗൃഹം. താൽക്കാലിക ക്ഷേത്രത്തിൽ 1949 മുതൽ ആരാധിച്ചുവരുന്ന രാമന്റെയും സഹോദരങ്ങളുടെയും ഹനുമാന്റെയും വിഗ്രഹം പുതിയ വിഗ്രഹത്തിന് തൊട്ടുതാഴെവച്ച് ആരാധിക്കും. ഭക്തർക്ക് ദർശന സൗകര്യത്തിനാണ് വലിയ വിഗ്രഹം നിർമിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്.