പതിനേഴുകാരി ആത്മഹത്യ ചെയ്ത കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കൊല്ലം. 17കാരി കൊല്ലം ചടയമംഗലത്ത് ആത്മഹത്യ ചെയ്ത കേസില്‍ ആണ്‍ സുഹൃത്തിനെ പോലീസ് പിടികൂടി. ബെംഗളൂരുവില്‍ നിന്നും കാട്ടമ്പള്ളി സ്വദേശിയായ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 25നാണ് പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഖിലുമായി പ്രണയം ആരംഭിച്ചത്.

അഖില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഫോണ്‍ മേടിച്ച് നല്‍കിയതായും പറയുന്നു. എന്നാല്‍ പിന്നീട് പ്രണയത്തില്‍ നിന്നും അഖില്‍ പിന്മാറി. ഇതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുമായി അഖില്‍ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടുകാര്‍ ശക്തമായി എതിര്‍ത്തെങ്കിലും ഇവര്‍ പ്രണയത്തില്‍ നിന്നും പിന്മാറിയിരുന്നില്ല.

പലപ്രാവശ്യം വീട്ടുകാര്‍ ഇടപെട്ട് വിലക്കിയിട്ടും പെണ്‍കുട്ടിയെ അഖില്‍ ശല്യം ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. അഖില്‍ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ആരോപിച്ചി പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പോലീസ് അഖിലിനെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.