ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി, 11 മരണം, 12 പേര്‍ ഗുരുതരാവസ്ഥയില്‍

രാജസ്ഥാനിലെ ഭരത്പുരില്‍ ദേശീയപാതയില്‍ ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി 11 പേര്‍ കൊലപ്പെട്ടു. 12 പേര്‍ക്ക് പരിക്ക്. രാജസ്ഥാനിലെ പുഷ്‌കറില്‍നിന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്നു ബസ്. ബുധനാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം.

ബ്രേക്ക് ഡൗണായ ബസ് ദേശീയ പാതയിലെ ഒരുവശത്ത് പാര്‍ക്ക് ചെയ്തിരിക്കെയാണ് അമിത വേഗതയിലെത്തിയ ട്രക്ക് പാഞ്ഞു കയറിയത്. ഭരത്പൂര്‍ ജില്ലയിലാണ് അപകടമുണ്ടായത്. അപകമുണ്ടാകുമ്പോള്‍ സ്ത്രീകളടക്കമുള്ള കുറച്ചുപേര്‍ ബസിനകത്തും കുറച്ചു പേര്‍ ബസിന് പുറത്തും നില്‍ക്കുകയായിരുന്നു.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. അഞ്ചു പുരുഷന്മാരും ഏഴ് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മറ്റൊരു അപകടത്തില്‍ ജീപ്പും ബസുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘറിലായിരുന്നു അപകടം.