വ്യാപാരിയുടെ മൃതദേഹം ട്രോളി ബാഗിലാക്കി ചുരത്തിൽ ഉപേക്ഷിച്ചു, യുവാവും 18-കാരിയും അറസ്റ്റിൽ, ഹണി ട്രാപ്പെന്ന് സംശയം

കോഴിക്കോട്: തിരൂരിൽ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ. തിരൂർ സ്വദേശിയും വ്യാപാരിയുമായ സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിബിലി (22) ഫർഹാന (18) എന്നിവർ അറസ്റ്റിലായി. കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്. രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണു കൊലപാതകം നടന്നതെന്നാണു സൂചന. പ്രതികളായ യുവാവും പെൺകുട്ടിയും ഇയാളുടെ ജീവനക്കാരായിരുന്നു. ചെന്നൈയിൽ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. തിരൂർ പൊലീസ് ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തി. സിസിടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചു.

ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെവെച്ചാണ് ഇയാൾ കൊല്ലപ്പെടുന്നത്. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികൾ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം. ചെന്നൈയിൽ നിന്ന് പ്രതികളെ മലപ്പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്തായിരുന്നു കൊലപാതകത്തിനുള്ള കാരണം എന്നകാര്യത്തിൽ വ്യക്തമില്ല.