ഉപദേശങ്ങള്‍ സ്വീകരിക്കുന്നതല്ലെന്ന് തലക്കെട്ട് നല്‍കി ബൈക്കില്‍ മരണം തേടി പോയി അവനും; ഈ കുറിപ്പ് കണ്ണ് നനയിക്കും

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കിയും, അശ്രദ്ധമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ചും പലപ്പോഴും മരണത്തെ ക്ഷണിച്ചുവരുത്താറുണ്ട്. കുട്ടികള്‍ അതിവേഗം വാഹനമോടിക്കുന്നത് കയ്യടിക്കാനും ചിലരുണ്ട്. ഇത്തരം പ്രോത്സാഹനങ്ങള്‍ നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറയുകയാണ് ഈ കുറിപ്പ്. സമാനമായ സാഹചര്യത്തില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന ശ്രീരാഗ് എന്ന പ്ലസ്ടു വിദ്യാര്‍ഥിയെക്കുറിച്ച് നൂറനാട് ജയപ്രകാശ് എന്ന വ്യക്തി എഴുതിയ പോസ്റ്റ് വൈറലാകുന്നു

പോസ്റ്റ് ഇങ്ങനെ:

റൈഡര്‍..

ചെറുപ്പത്തിലേ മക്കള്‍ക്ക് വിലകൂടിയ ബൈക്ക് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളോടൊരു വാക്ക്.നിങ്ങള്‍ ഒരിക്കലെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടാകും തീര്‍ച്ച. അങ്ങനെ ചിന്തിക്കാന്‍ പല സന്ദര്‍ഭങ്ങളും ഉണ്ടായേക്കാം. അതിപ്പോ, അവന്‍ രാത്രിയില്‍ വീട്ടില്‍ വരാന്‍ താമസിച്ചപ്പോളാകാം. അല്ലെങ്കില്‍ അവന്‍ അവന്റെ രണ്ട് കുട്ടൂകാരേക്കൂടി പിറകിലിരുത്തി പോകുന്നത് നിങ്ങള്‍ കാണുമ്ബോഴാകാം. അതുമല്ലെങ്കില്‍ അവന്‍ അതിവേഗത്തില്‍ വണ്ടി ഓടിക്കുന്നു എന്ന് ആരെങ്കിലും പറയുമ്ബോഴാകാം. അല്ലെങ്കില്‍ പെട്രോളിനോ, വണ്ടിയുടെ അറ്റകുറ്റപ്പണികള്‍ക്കോ നിങ്ങളോട് കാശ് ചോദിക്കുമ്ബോളാകാം.

അതുമല്ലെങ്കില്‍ അപകടത്തില്‍പ്പെട്ട് അവന്‍ ആശുപത്രിയില്‍ കിടന്നപ്പോഴാകാം.ഇല്ലേ, അങ്ങനെ നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ, ഉണ്ട്..തോന്നിയിട്ടുണ്ട് അതാണ് സത്യം.

21 വയസ്സുവരെ ഒരു കുഞ്ഞിനേ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍ക്ക് അവനില്‍ അല്ലെങ്കില്‍ അവളില്‍ എന്തെല്ലാം പ്രതീക്ഷകളുണ്ടാകും. വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബം, വീട്……. അങ്ങനെ … അങ്ങനെ..

മരണം ഒരിക്കല്‍ വരും എന്നെയും നിന്നെയും തേടി ,അവരെയും ഇവരെയും തേടി. അതെല്ലാവര്‍ക്കുമറിയാം.എന്നാല്‍ അത് നമ്മള്‍ വാങ്ങിക്കൊടുത്ത ആ വണ്ടിയുടെ രൂപത്തിലായിരുന്നു എന്നറിയുന്ന നിമിഷം എന്തായിരിക്കും നമ്മുടെ മനസ്സില്‍. വാട്ട്സാപ്പില്‍ കിട്ടിയ ഒരു പേപ്പര്‍ കട്ടിംഗും ഒരു ചിത്രവുമാണ് ഈ കുറിപ്പിനാധാരം. ഈ 21 കാരന്റെ വിയോഗം എനിക്കോ നിങ്ങള്‍ക്കോ ഒരു നഷ്ടവുമില്ല. നഷ്ടങ്ങള്‍ അവര്‍ക്കാണ് ഇവനേ പെറ്റ് പോറ്റിയവര്‍ക്ക്. ബൈക്കില്‍ മാന്ത്രിക വിദ്യകള്‍ കാണിക്കുന്നത് ഇപ്പോഴത്തേ കുട്ടികള്‍ക്കിടയില്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്.

ദേ.. ഇവനും അവരുടെ കൂട്ടത്തില്‍ പെട്ടവനായിരുന്നു. താനിട്ട പോസ്റ്റിന് താഴെ കൂട്ടുകാരെന്ന് പറയുന്നവരുടെ പ്രോത്സാഹനം കൂടി ആയപ്പോള്‍ വീണ്ടും ഉയരങ്ങളിലെത്താനവന്‍ കൊതിച്ചു. ആദ്യമിട്ട പടത്തിന് 1.2K ലൈക്ക് കിട്ടിയപ്പോള്‍ അവനതിലും വലിയ സാഹസികതകള്‍ തേടി. അതിനടിയിലെ കമണ്ടുകള്‍ അവനേ കോരിത്തരിപ്പിച്ചു.

വോവ്..മുത്തേ…ഇജ്ജ് പുലിയാട്ടോ, ഇവനാണ് റൈഡര്‍, പൊളിച്ചു… മച്ചാ, തകര്‍ത്തളിയാ, ഹോ…. അപാര ചങ്കുറപ്പാ..അങ്ങനെ പോകുന്നു കമണ്ടുകളുടെ നിരകള്‍. ഇടയില്‍ ആരോ ഒരു കമണ്ടിട്ടു. കുഞ്ഞേ…. അരുത് വാഹനം യാത്ര ചെയ്യാനുള്ളതാണ് അല്ലാതെ അഭ്യാസത്തിനുള്ളതല്ല… അപകടമാണത്. നീ, മാത്രമല്ല എതിരേ വരുന്ന കാല്‍നടക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും ഒക്കെ അപകടമാണ്.നമുക്കിത് വേണ്ടാട്ടോ..

അടുത്ത പോസ്റ്റില്‍ അവനെഴുതി, ‘ഉപദേശങ്ങള്‍ സ്വീകരിക്കുന്നതല്ല ‘

കുഞ്ഞേ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നിനക്കൊരു ആദരാഞ്ജലി നേര്‍ന്നു പോകാം.പക്ഷേ വേണ്ടപ്പെട്ടവര്‍ക്ക് നീ നല്‍കിയത് തീരാ ദു:ഖമാണ്. ചീറിപ്പായുമ്ബോഴും, റോഡില്‍ അഭ്യാസങ്ങള്‍ കാണിക്കുമ്ബോഴും ചിലരത് ആസ്വദിക്കുമെങ്കിലും ഏറെപ്പേരും മനസ്സില്‍ ശപിക്കുന്നുണ്ടാകും.

കാലന്റെ പോക്ക് കണ്ടോ…..? ഇവനെന്താ വായൂഗുളികയ്ക്ക് പോവാണോ….? എവിടേലും വീണ് കാലൊടിഞ്ഞ് കിടക്കുമ്ബോ അറിഞ്ഞോളും. ചന്തിക്കീഴിലൊരു വണ്ടിയുണ്ടേല്‍ പിന്നെ ഇവനൊന്നും നിലത്തല്ല. അങ്ങനെ പല കമണ്ടുകളും നാം കേള്‍ക്കാറ് പതിവാണ്. എന്തിനാ വെറുതേ ഈ പ്രാക്കുകള്‍ വാങ്ങുന്നത്. ഒരമ്മ മക്കളേ ഒരുക്കി സ്കൂളില്‍ വിടുമ്ബോള്‍ അവരോട് പറയുന്നത് ഇത്രമാത്രം. മക്കളേ…. സൂക്ഷിച്ച്‌ പോകണേ കുറേ തലതെറിച്ച പിള്ളേര് വണ്ടീം കൊണ്ടിറങ്ങീട്ടുണ്ട് റോഡില്‍ അഭ്യാസം കാണിക്കാന്‍, നോക്കിം കണ്ടും ഒക്കെ പോണേ കുഞ്ഞേ…

എന്റെ വീടിനടുത്ത് പത്ത് വയസ്സു മുതല്‍ ഒരു പയ്യന്‍ ഇരുചക്ര വാഹനം പറത്തുന്നത് ഞാന്‍ കാണുന്നുണ്ട്. അതും അതിവേഗത്തില്‍. അവന്റെ വീട്ടുകാര്‍ അതിന് സപ്പോര്‍ട്ടുമാണ്. ഒരിക്കലവനോട് ആരോ പറഞ്ഞു മോനേ, ഇത്ര സ്പീഡില്‍ വണ്ടി ഓടിക്കരുത് അപകടമാണ്.
അതിന് അവന്‍ പറഞ്ഞ മറുപിടി കേള്‍ക്കണോ? ഏതായാലും ഒരുദിവസം ചാകും പിന്നെന്തിനാ പേടിക്കുന്നത്…? ഇപ്പോള്‍ അവന്‍ കാറും അതിവേഗത്തില്‍ ഓടിക്കുന്നുണ്ട് അവന്റെ പ്രായമോ… 13 വയസ്സ്. അവന്റെ അച്ഛനാണേല്‍ അതിന് കട്ട സപ്പോര്‍ട്ടും.

ആ നമുക്കെന്ത് ചേതം എന്നുംപറഞ്ഞ് പോകാം, പക്ഷേ അവരോടിക്കുന്ന പാതയിലൂടെയല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുന്നതും വയസ്സായ അച്ഛനമ്മമാര്‍ നടന്നു പോകുന്നതും അതുകൊണ്ട് പറഞ്ഞു പോയതാ. ഉപദേശമല്ല മക്കളേ. ഒരപേക്ഷയാണ്തെറ്റാണെങ്കില്‍ പൊറുക്കണേ.

നൂറനാട് ജയപ്രകാശ്