ഇസ്രായേൽ കപ്പൽ ഇറാൻ പിടിച്ചു, കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി/ടെഹ്റാൻ∙ ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കപ്പൽ ഇറാൻ പട്ടാളം പിടിച്ചെടുത്തു. കപ്പലിലെ 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാർ. ഇതിൽ രണ്ടു പേർ മലയാളികളാണ്. ഇവരെ മോചിപ്പിക്കാൻ കേന്ദ്രം ഇടപെടുന്നു. ടെഹ്റാനിലെയും ഡൽഹിയിലെയും ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേയ്ക്ക് അടുപ്പിച്ചു.

കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തിയത്. ആക്രമണത്തിൻ്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നാണ് ഇസ്രയേൽ നൽകിയ മുന്നറിയിപ്പ്.ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കരുതലോടെയാണ് ഇറാന്റെ നീക്കം. നിലവിലെ സ്ഥിതി മുതലാക്കി ഗാസയിൽ സമാധാനത്തിനു വിലപേശാനും യുഎസുമായുള്ള നിർത്തിവച്ച ആണവചർച്ച പുനരാരംഭിക്കാനുമാണ് അവരുടെ താൽപര്യം.

യുഎസ്– ഇറാൻ ചർച്ചയിൽ ഇടനിലക്കാരായ ഒമാന്റെ പ്രതിനിധിയെ അവർ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ നേരിട്ട് ആക്രമിച്ചില്ലെങ്കിലും ഇറാന്റെ പിന്തുണയുള്ള ആക്സിസ് ഓഫ് റസിസ്റ്റൻസ് തീവ്രവാദി സഖ്യം ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു.