മുല്ലപ്പെരിയാറില്‍ കേന്ദ്രസർക്കാർ കേരളത്തെ കൈവിട്ടു; പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് കേന്ദ്രം

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂട് പിടിക്കുമ്പോൾ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ഡാമിന്റെ ഉടമസ്ഥാവകാശ൦ തമിഴ്‌നാടിനാണെന്നും അതിനാൽ പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് തമിഴ്‌നാടാണെന്നും കേന്ദ്രം വ്യക്തമാക്കി. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും ലോക്‌സഭയില്‍ രേഖാമൂല൦ കേന്ദ്രം വ്യക്തമാക്കി.

അതേസമയം രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണകെട്ട് തമിഴ്‌നാട് തുറക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ഇക്കാര്യം പല തവണ അറിയിച്ചിട്ടും തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.