പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വിവാദങ്ങള്‍ ചില സ്ഥാപിത താല്പര്യക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

ഹര്‍ജികള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. ഹര്‍ജികളില്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ഐ.ടി. മന്ത്രാലയവും അറിയിച്ചു. കേസ് സുപ്രിംകോടതി പരിഗണിക്കാന്‍ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പെഗസിസ് വിഷയത്തില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.

വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. പെഗസിസ് വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കും എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇന്ന് ഏറ്റവുമൊടുവിലത്തെ കേസിലായി ഇരുപത്തിയൊന്നാമതായി പെഗസിസ് കേസ് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പെഗസിസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.