ലോക്‌സഭ തിരഞ്ഞെടുപ്പ് തകർത്തു തരിപ്പണം ആകാൻ ചൈന

രാജ്യം വിധി എഴുതുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് തകർത്തു തരിപ്പണം ആകാൻ ചൈനയുടെ കറുത്ത കൈകൾ പ്രവർത്തിക്കുന്നതായി മൈക്രോസോഫ്‌റ്റിന്റെ മുന്നറിയിപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിനായി ഇനി നാളുകൾ മാത്രം ഉള്ളപ്പോഴാണ് ഏറെ നിർണായകമായ വിവരങ്ങൾ മൈക്രോസോഫ്‌റ്റു പങ്കു വയ്ക്കുന്നത്. അതായത് ഇന്ത്യയുടെ മാത്രമല്ല അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ തകർക്കാനും ചൈന ഗൂഢാലോചന നടത്തുന്നതായി ടെക്‌നോളജി ഭീമൻ വെളിപ്പെടുത്തുന്നു. തായ്‌വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൈന അടുത്തിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിതമായ ഒരു ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മൈക്രോസോഫ്‌റ്റിന്റെ വെളിപ്പെടുത്തൽ.

എംഎസ് സ്ഥാപകൻ ബിൽഗേറ്റ്‌സ് ഇക്കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ‌്തിരുന്നു. സ്ത്രീ ശാക്തീകരണം, സാമൂഹിക വിഷയങ്ങൾ, കൃഷി-ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങൾ എന്നിവ എഐയുമായി എത്തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നത് എന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തുകയും ചെയ‌്തിരുന്നു.

ലോകത്ത് 64 രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ലോകജനസംഖ്യയുടെ 49 ശതമാനമാണ് ഈ രജ്യങ്ങളിലുള്ളത്. 2024ൽ തന്നെ നടക്കാൻ പോകുന്ന ഈ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകളെയെല്ലാം അട്ടിമറിക്കാനാണത്രേ ചൈനയുടെ ശ്രമം. ചൈനീസ് സൈബർ ഗ്രൂപ്പിന്റെ ഒരു ശൃംഖല തന്നെ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. എഐ ടൂളുകളാണ് ഇവർ പ്രധാന ആയുധമാക്കി മാറ്റുന്നത്.

”ഇന്ത്യ, അമേരിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും, തങ്ങൾക്ക് അനുകൂലമായി ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചൈന കൂട്ടുപിടിക്കുകയാണ്”-മൈക്രോ സോഫ്‌റ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഫേക്ക് ന്യൂസ് തന്നെയാണ് ചൈന പ്രധാനമായും ലക്ഷ്യം വയ‌്ക്കുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങളിൽ സ്ഥനാർത്ഥികൾ പ്രതികരിച്ചാതായി വ്യാജ വീഡിയോ ദൃശ്യങ്ങൾ നിർമ്മിക്കുകയും, പൊതുജനങ്ങൾക്ക് മുന്നിൽ സോഷ്യൽ മീഡിയയിലൂടെ അവ പ്രചരിപ്പിക്കുകയുമാണ് ഉദ്ദേശ്യം. ഇതിലൂടെ സമ്മതിദായകരെ സ്വാധീനിക്കാമെന്നും ചൈന കണക്കുകൂട്ടുന്നു. നിലവിൽ ഇത്തരം ഭീഷണികൾ കുറവാണെങ്കിലും ഭാവിയിൽ വർദ്ധിച്ചേക്കാമെന്ന് മൈക്രോസോഫ്‌റ്റ് മുന്നറിയിപ്പ് നൽകുന്നു.

ഏപ്രിൽ 19ന് ആണ് ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് ആരംഭിക്കുക. ജൂൺ 4ന് ഫലപ്രഖ്യാപനമുണ്ടാകും. ഏഴുഘട്ടമായാണ് തിരഞ്ഞെടുപ്പ് പൂർത്തിയാവുക.അതേസമയം, ഇപ്പോൾ രാഷ്ട്രീയ പാർട്ടികളെല്ലാം വിജയം ഉറപ്പിക്കാനുളള കഠിന പരിശ്രമത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ ബലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ ഇക്കുറി 400 സീറ്റുകൾക്ക് മേലെയാണ് ലക്ഷ്യം വെയ്ക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവിൽ 204 സ്ഥാനാർഥികളാണുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.