മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി

കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓരോ പ്രദേശത്തെയും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി വില്ലേജ് ഓഫിസര്‍, പൊലീസ്, അഗ്‌നിരക്ഷാ സേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിച്ച് മതിയായ സൗകര്യം ഉറപ്പാക്കി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കണം.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്ക യോഗം ചേർന്ന് കാലവര്‍ഷത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളുടെ ലഘൂകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാംപുകളായി തിരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കണം.

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ട് മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കണം. മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിൽ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.