ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാൽ പട്ടികയ്ക്ക് പുറത്ത്: കോൺഗ്രസ് പട്ടികയിൽ അപ്രതീക്ഷിത ട്വിസ്റ്റ്: പ്രഖ്യാപനം ആറരയ്ക്ക്

ന്യൂഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി ചർച്ചയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഉമ്മൻചാണ്ടിയും കെ.സി. വേണുഗോപാലും മത്സരിക്കില്ലെന്ന് ഉറപ്പാക്കി കോൺഗ്രസ് നേതൃത്വം. സോളാർ വിവാദം ആളിക്കത്തിക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നുവെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഉമ്മൻചാണ്ടയും വേണുഗോപാലും സ്ഥാനാർഥി പട്ടികയിൽ നിന്നും പുറത്തു പോകുന്നതെന്നതും ശ്രദ്ധേയമാണ്.

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, കെ.സി. വേണുഗോപാൽ എന്നിവർ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെ സ്ഥാനാർഥി പട്ടികയിൽ തൃപ്തനല്ലാതെ ഉമ്മൻചാണ്ടി കേരളത്തിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

വയനാട് സീറ്റിനെ ചൊല്ലിയും എ ഐ ​ഗ്രൂപ്പുകൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം അവസാന നിമിഷവും നിലനിൽക്കുന്നുണ്ട്. വയനാട് സീറ്റ് കോഴിക്കോട് ഡിസിസി അധ്യക്ഷനായ ടി സിദ്ദിക്കിന് വേണമെന്ന് എ വിഭാഗം വാദിക്കുമ്പോൾ സിറ്റിംഗ് സീറ്റ് വിട്ട് കൊടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. കെപി അബ്ദുൾ മജീദിന്‍റെയും ഷാനിമോൾ ഉസ്മാന്‍റെയും പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്. ആലപ്പുഴയിൽ നിന്ന് മാറി കെസി വേണുഗോപാൽ വയനാട്ടിൽ മത്സരിക്കാൻ എത്തുമോ എന്ന് വ്യക്തതയില്ലാത്തതിനാൽ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍റിനാണ്.