സഹകരണ ബാങ്കുകളില്‍ നിന്നും കടം വാങ്ങാനൊരുങ്ങി കേരള സര്‍ക്കാര്‍

സഹകരണ ബാങ്കുകളില്‍ നിന്നും കടം വാങ്ങാനൊരുങ്ങി കേരള സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനും മറ്റും പണം കണ്ടെത്താനാണ് നീക്കം.

ക്ഷേമ പെന്‍ഷനും മറ്റും പണം കണ്ടെത്താനാണ് സഹകരണ ബാങ്കുകളെ ആശ്രയിക്കാൻ സർക്കാർ തീരുമാനം.സര്‍ക്കാര്‍ ഗ്യാരന്റിയും ഒന്‍പതു ശതമാനം പലിശയും വാഗ്ദാനം ചെയ്താണു ധനസമാഹരണം. സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന കമ്ബനിയിലേക്കു പണം നിക്ഷേപിക്കണമെന്ന സന്ദേശം സഹകരണ വകുപ്പില്‍ നിന്നു മിക്ക ബാങ്കുകള്‍ക്കും ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ചില ബാങ്കുകളോടു പത്തു കോടി രൂപ വരെ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്ബനിയിലേക്കു സ്ഥിരനിക്ഷേപമായാണു പണം ചോദിക്കുന്നത്.കമ്ബനി രൂപവല്‍ക്കരിക്കാന്‍ മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു. ഈ രീതിയില്‍ രണ്ടായിരം കോടി രൂപയാണു സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പണം നല്‍കാന്‍ സമ്മതം അറിയിക്കുന്ന ബാങ്കിന്റെ ചുമതലക്കാരുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ടെന്ന് അറിയുന്നു. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 20% കരുതല്‍ ധനമായി ജില്ലാ സഹകരണ ബാങ്കില്‍ സൂക്ഷിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതില്‍ അധികമുള്ള പണത്തില്‍ നിന്നു സര്‍ക്കാര്‍ കമ്ബനിക്കു നല്‍കണമെന്നാണ് ആവശ്യം. എട്ടര ശതമാനം പലിശ ലഭിക്കുന്ന ഈ നിക്ഷേപം നല്‍കിയാല്‍ ഒന്‍പതു ശതമാനം പലിശ നല്‍കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നത്.കെഎസ്‌ആര്‍ടിസിയെ സഹായിക്കാന്‍ ഏതാനും മാസം മുന്‍പ് ഇത്തരത്തില്‍ 600 കോടി സമാഹരിച്ചിരുന്നു. എന്നാല്‍, അതിന്റെ പലിശ ബാങ്കുകള്‍ക്കു ലഭിച്ചു തുടങ്ങിയില്ലെന്നാണ് റിപ്പോർട്ട്.എന്നാല്‍, സർക്കാരിന് ഇത്രയും വലിയ തുക നല്‍കാവുന്ന സ്ഥിതിയിലല്ല പല ബാങ്കുകളും. ബാങ്കിനു പ്രതിസന്ധി വന്നാല്‍ സര്‍ക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയുമില്ല. നിക്ഷേപത്തിനു സര്‍ക്കാര്‍ ഗാരന്റി വാഗ്ദാനമുണ്ടെങ്കിലും പലിശപോലും യഥാസമയം കിട്ടുന്നില്ലെന്നാണു പല ബാങ്കുകളുടെയും അനുഭവം.

https://youtu.be/QqctOVew-EQ