പ്രണയിച്ചതിന് ശേഷം വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് കോടതി

ബംഗളൂരു : വർഷങ്ങളോളം പ്രണയിച്ചാലും പിന്നീട് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് ഹൈക്കോടതി. പ്രണയിച്ചു വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാമമൂർത്തി സ്വദേശിയായ യുവതി നാട്ടുകാരനായ യുവാവിനെതിരെ നൽകിയ കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

യുവാവിനും കുടുംബാംഗങ്ങൾക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കാമുകനും കുടുംബവും തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് 2020 മെയ് 5 നാണ് യുവതി യുവാവിനും കുടുംബത്തിനും എതിരെ രാമമൂർത്തിനഗർ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റത്തിനാണ് യുവാവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എട്ട് വർഷമായി ഇവർ പ്രണയത്തിൽ ആയിരുന്നു. എന്നാൽ, മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം കുടുംബം നിശ്ചയിച്ചു. ഇതോടെ യുവാവ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടർന്നാണ് യുവതി പരാതി നൽകിയത്. പിന്നാലെ പോലീസിന്റെ നടപടിക്കെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ജസ്റ്റിസ് കെ നടരാജൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപിച്ചത്.