കോവിഡ് 19, സ്പെയിനിനെ മറികടന്ന് ഇന്ത്യ പട്ടികയില്‍ അഞ്ചാമത്, ആശങ്ക

കോവിഡ് വ്യാപനത്തില്‍ സ്‌പെയിനിനെ മറികടന്ന് ഇന്ത്യ. ആകെ കേസുകളുടെ കാര്യത്തില്‍ ലോകത്ത് ഇന്ത്യ അഞ്ചാം സ്ഥാനത്ത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം രാജ്യത്ത് ആകെ കേസുകള്‍ 2,47,000 ത്തിലേക്ക് അടുക്കുകയാണ്. യു.പിയില്‍ ആകെ രോഗബാധിതര്‍ പതിനായിരം കടന്നു. വെറും 48 മണിക്കൂര്‍ കൊണ്ടു ഇറ്റലിയെയും സ്‌പെയിനിനെയും പിന്നിലാക്കി കോവിഡ് വ്യാപനത്തില്‍ ഇന്ത്യ ആശങ്ക ഉയര്‍ത്തുകയാണ്.

ലോകഭൂപടത്തില്‍ ഇന്ത്യയ്‌ക്ക് മുന്‍പില്‍ ഇനി അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണുള്ളത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പ്രതിദിനം മുപ്പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ വെള്ളിയാഴ്ച 23000 കേസുകള്‍ റിപ്പോ‌ര്‍ട്ട് ചെയ്തപ്പോള്‍ ഇന്ത്യയില്‍ പതിനായിരത്തിനടുത്ത് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കേസുകളുടെ കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള റഷ്യയില്‍ വെള്ളിയാഴ്ച എണ്ണായിരത്തി അഞ്ഞൂറിനടുത്ത് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് കേസുകള്‍ ഇരട്ടിക്കുന്നതിനെടുക്കുന്ന സമയം 17 ദിവസമാണ്. കഴിഞ്ഞ മൂന്നുദിവസമായി പതിനായിരത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 28000 കേസുകളുള്ള ഡല്‍ഹിയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1320 കേസുകള്‍. 370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ യു.പിയില്‍ ആകെ കേസുകള്‍ പതിനായിരം കടന്നു. പതിനായിരത്തിലധികം കേസുകളുള്ള ആറാമത്തെ സംസ്ഥാനമാണ് യു.പി. 435 കേസുകളുമായി ബംഗാളിലും 71 കേസുകളുമായി ഗോവയിലും ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. 750 കേസുകളുള്ള ത്രിപുര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.