ബിരിയാണിയില്‍ ചിക്കന് പകരം കാക്കയുടെ ഇറച്ചി, യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

ബിരിയാണി പ്രേമികളെ നിരാശരാക്കുന്ന വാര്‍ത്തയാണ് തമിഴ്‌നാടുനിന്നും ഫുറത്തുവരുന്നത്. ചിക്കന്‍ ബിരിയാണിയില്‍ ചിക്കനു പകരം കാക്കയെ വ്യാപകമായി ഉപയോഗിക്കുന്നു. ചിക്കന്‍ സ്റ്റാളില്‍ കാക്ക ഇറച്ചി വില്‍പ്പന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് കാക്കകളുടെ് ഇറച്ചിയെടുത്ത് വില്‍പ്പന നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റിലായത്. മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കിയാണ് യുവാക്കള്‍ കാക്കകളെ പിടികൂടിയിരുന്നത്.

അരി കഴിച്ച് പറക്കാനാവാതെ കുഴങ്ങുന്ന കാക്കകളെ ചാക്കിലിട്ട് കെട്ടിയ ശേഷം ഇറച്ചിയെടുക്കാനായി കൊണ്ടു പോവുകയായിരുന്നു ഇവരുടെ രീതി. ഇവിടെയുള്ള ഒരു ക്ഷേത്രത്തിലെ വിശ്വാസികളാണ് കാക്കകളെ കൂട്ടത്തോടെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റോഡുവക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്റ്റാളുകളിലാണ് കോഴി ഇറച്ചി എന്ന പേരില്‍ വിലകുറച്ച് കാക്ക ഇറച്ചി യുവാക്കള്‍ വിതരണം ചെയ്തിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി കോഴിയിറച്ചിയോടൊപ്പം ചേര്‍ത്താണ് കാക്ക ഇറച്ചി നല്‍കിയിരുന്നത്. ഇതിന് മുന്‍പും ചെന്നൈയിലെ തട്ടുകടകളില്‍ പൂച്ചയുടെ ഇറച്ചി ബിരിയാണിയില്‍ ചേര്‍ത്ത് വില്‍ക്കുന്നത് കണ്ടെത്തിയിരുന്നു.

മൃഗസംരക്ഷകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടിലടച്ച നിലയില്‍ പതിനാറോളം പൂച്ചകളെ കണ്ടെത്തിയിരുന്നു. വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ വരെ തട്ടിക്കൊണ്ടു പോയി കറിവച്ച് വില്‍പ്പന നടത്തിയ സംഘത്തെ 2016ല്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.