വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിനത്തിലുള്ള ശ്രുതിയുടെ മരണം കൊലപാതകമോ, കഴുത്തിൽ മർദ്ദനമേറ്റ പാടുകൾ, ദുരൂഹത

തൃശൂർ പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു മരിച്ച സംഭവത്തിൽ ദുരൂഹത. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം ഇരുപത്തിയാറുകാരിയായ ശ്രുതിയാണ് മരിച്ചത്. ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു എന്നാണ് ഭർതൃവീട്ടുകാർ യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി അച്ഛൻ സുബ്രഹ്മണ്യൻ രം​ഗത്തെത്തി.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നേരത്തെ പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജനും വെളിപ്പെടുത്തിയതായി ശ്രുതിയുടെ പിതാവ് പറഞ്ഞു. കൊലപാതകത്തിന് ഉറപ്പിക്കാവുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തെളിവുകൾ ഉണ്ടായിട്ടും ശ്രുതിയുടെ മരണം ഇപ്പോഴും അസ്വാഭാവിക മരണമായി തുടരുന്നത് അനാസ്ഥയാണെന്നും, മരണം നടന്ന് 5 മാസം കഴിഞ്ഞിട്ടും പേരിന് പോലും ഒരു നടപടി ഉണ്ടായിട്ടില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

ഭർത്താവ് പറഞ്ഞ കഥ വിശ്വസിച്ച് വിരലടയാളം ഉൾപ്പടെയുള്ള തെളിവുകൾ ശേഖരിക്കാതെ മൃതദേഹം പെട്ടന്ന് സംസ്‌കരിക്കുവാൻ പോലീസ് കൂട്ടുനിന്നുവെന്നും അച്ഛൻ ആരോപിച്ചിരുന്നു. സംഭവത്തിനു പിന്നിൽ സ്ഥലത്ത് സ്വകാര്യ ഫൈനാൻസിംഗ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരു ന്നു .പിതാവിന്റെ വാക്കുകൾ ഇങ്ങെനെ; “പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമായിരുന്നു മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്. മരണം നടന്നതിനു 38ആം ദിവസം അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ ജിനീഷ് ആണ് ഇക്കാര്യം പറയുന്നത്. മകൾ കുഴഞ്ഞു വീണ് മരണപ്പെട്ടതല്ലെന്നും കഴുത്തിലുണ്ടായ സമ്മർദ്ദമാണ് മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പൊലീസ് സർജനെ എത്രയും വേഗം പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിൽ പോയി മനു ജോൺ എന്ന പൊലീസ് സർജനെ കാണുകയായിരുന്നു . അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നപ്പോഴായിരുന്നു കാര്യങ്ങൾ മനസ്സിലായത് എന്നും പിതാവ് പറഞ്ഞു

2019 ഡിസംബർ 22നാണ് മുല്ലശ്ശേരി പറമ്പൻതള്ളി സ്വദേശിനി നരിയംപുള്ളി സുബ്രഹ്മണ്യൻ മകൾ ശ്രുതിയും പെരിങ്ങോട്ടുകര സ്വദേശി കുരുവേലി സുകുമാരൻ മകൻ അരുണുമായുള്ള വിവാഹം നടക്കുന്നത്. 15 ദിവസം കഴിഞ്ഞ് 2020 ജനുവരി 6 ന് രാത്രി 9.30ന് ഭർതൃവീട്ടിൽ ബാത്ത് റൂമിൽ കുഴഞ്ഞു വിണ് മരിച്ച നിലയിൽ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിത ബലം ‘മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.