ഏതെങ്കിലും ചവറ് മാട്രിമോണി പരസ്യങ്ങള്‍ കണ്ട് അതാണ് വിവാഹമെന്ന് തെറ്റിദ്ധരിക്കരുത്, ദീപ നിശാന്ത് പറയുന്നു

വ്യത്യസ്ത മതത്തില്‍ പെട്ട രണ്ട് പേര്‍ വിവാഹിതര്‍ ആയതിനെ ചൊല്ലി ലൗ ജിഹാദ് എന്ന പേരില്‍ വലിയ ആരോപണമാണ് ഉയരുന്നത്. നഴ്‌സായ ജ്യോത്സനയും സിപിഎം നേതാവായ ഷെജിനും തമ്മിലുള്ള വിവാഹമാണ് വിവാദത്തിലായത്. ഷെജിനെതിരെ പരാതിയുമായി ജ്യോത്സനയുടെ വീട്ടുകാര്‍ രംഗത്തെത്തുകയും സിപിഎം നേതാവ് ജോര്‍ജ് എം തോമസ് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞതും മറ്റും പ്രശ്നത്തെ രാഷ്ട്രീയമാക്കി മാറ്റി. ഇപ്പോഴിതാ സംഭവലത്തില്‍ ദീപ നിശാന്ത് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വ്യക്തികളെന്നത് കുടുംബപാരമ്പര്യവും ജാതിയും മതവും ഭംഗമില്ലാതെ വരും തലമുറകളിലേക്ക് കൈമാറാനുള്ള ഒരു ചരക്കല്ല.. മക്കളോടുള്ള ‘കടുത്ത’ സ്‌നേഹത്താലും ഭാവിയെ കരുതിയുള്ള ഉത്കണ്ഠയാലും തങ്ങള്‍ക്കിഷ്ടമില്ലാത്ത വിവാഹത്തിന്റെ പേരില്‍ മക്കളെ കൊലപ്പെടുത്തി കുടുംബത്തിന്റെ അഭിമാനസംരക്ഷകരായി മാറുന്ന മാതാപിതാക്കളുടെ കാലത്ത്, മതേതരപൊതുജീവിതത്തെ ഏതറ്റം വരെയും സംരക്ഷിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്.- ദീപ നിശാന്ത് കുറിച്ചു.

ദീപ നിശാന്തിന്റെ കുറിപ്പ്, ഒരു ജാതിയില്‍’പ്പെട്ടവര്‍’ ആ ജാതിയില്‍ മാത്രമായും ഒരു മതത്തില്‍’പ്പെട്ടവര്‍’ ആ മതത്തില്‍ മാത്രമായും ചുരുങ്ങുമ്പോള്‍ മനുഷ്യന് പൊതുജീവിതം അസാധ്യമാകും. അങ്ങനെ പൊതുജീവിതങ്ങളെ അസാധ്യമാക്കാനല്ല, കൂടുതല്‍ കൂടുതല്‍ സാധ്യതകളിലേക്ക് നയിക്കാനാണ് ഇടതുപക്ഷം യത്‌നിക്കേണ്ടത്…

വ്യക്തികളെന്നത് കുടുംബപാരമ്പര്യവും ജാതിയും മതവും ഭംഗമില്ലാതെ വരും തലമുറകളിലേക്ക് കൈമാറാനുള്ള ഒരു ചരക്കല്ല.. മക്കളോടുള്ള ‘കടുത്ത’ സ്‌നേഹത്താലും ഭാവിയെ കരുതിയുള്ള ഉത്കണ്ഠയാലും തങ്ങള്‍ക്കിഷ്ടമില്ലാത്ത വിവാഹത്തിന്റെ പേരില്‍ മക്കളെ കൊലപ്പെടുത്തി കുടുംബത്തിന്റെ അഭിമാനസംരക്ഷകരായി മാറുന്ന മാതാപിതാക്കളുടെ കാലത്ത്, മതേതരപൊതുജീവിതത്തെ ഏതറ്റം വരെയും സംരക്ഷിക്കാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. ഏതെങ്കിലും ‘ചവറ് മാട്രിമോണി’ പരസ്യങ്ങള്‍ കണ്ട് അതാണ് വിവാഹമെന്ന് തെറ്റിദ്ധരിക്കരുത്..

വൈവിധ്യങ്ങളോട് പൊരുത്തപ്പെടുന്നത് കൂടിയാണ് മതേതരസാമൂഹികജീവിതം. വൈവിധ്യങ്ങളെ റദ്ദ് ചെയ്ത് സങ്കുചിതത്വം വളര്‍ത്തുന്നതല്ല. അങ്ങനെ വളര്‍ത്തുന്നവരെ തിരുത്തേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ട്.