ഡൽഹി മദ്യനയക്കേസ്; മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടെ നീട്ടി. കേസില്‍ അന്വേഷണം തുടരുന്നതായിട്ടും ഒരാഴ്ചയ്ക്കുടി സമയം വേണമെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടെ നീട്ടിയത്.

അതേസമയം കേസില്‍ എല്ലാ ദിവസവും സിബിഐ ഒരേ ചോദ്യമാണ് ചോദിക്കുന്നതെന്നായിരുന്നു സിസോദിയ കോടതിയില്‍ പറഞ്ഞത്. ദിവസവും 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ചോദ്യം ചെയ്യുന്നുണ്ട്. തുടര്‍ന്ന് ചോദ്യങ്ങള്‍ ആവര്‍ത്തിക്കെരുതെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം ഇഡിക്കെതിരെ ആരോപണവുമായി സിസോദിയ രംഗത്തെത്തി. ഏഴ് മാസം അന്വേഷിച്ചാലും ഇനിയും കസ്റ്റഡിയില്‍ വേണമെന്നേ ഇഡി പറയുവെന്നാണ് സിസോദിയ ആരോപിക്കുന്നത്.

പലതവണ സിസോദിയ ഫോണ്‍ മാറ്റിയെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ കള്ളപ്പണം വെളിപ്പിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസ് എടുത്തത്.