ഒമ്പത് മണിക്കൂര്‍ രോഗിയുമായി സഞ്ചരിച്ച് വിശപ്പ് സഹിക്കാനാവാതെ എത്തിയ ആംബുലന്‍സ് ഡ്രൈവറോട് അനീതി, കടക്ക് പുറത്ത് പറഞ്ഞ് ബേക്കറി ഉടമ

തൃശ്ശൂര്‍: കൊറോണ ലോകം ആസകലം ഭീതി വിതയ്ക്കുകയാണ്. സംസ്ഥാനത്തും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ പല മനുഷ്യത്വ രഹിത പ്രവര്‍ത്തികളും പുറത്തെത്തുന്നുണ്ട്. മാസ്‌കിനും മറ്റും വില കൂട്ടി ഇടനിലക്കാരായ മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ സാധാരണക്കാരുടെ വയറ്റത്ത് അടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുറത്തെത്തുന്നത് മറ്റൊരു ദാരുണമായ സംഭവമാണ്. ഒമ്പത് മണിക്കൂറോളം നേരം ദീര്‍ഘമായി ആംബുലന്‍സില്‍ രോഗിയുമായി എത്തിയ ഡ്രൈവര്‍ക്ക് ഒരു ബേക്കറിയില്‍ പ്രവേശനം നിഷേധിച്ചു. കൊടുങ്ങല്ലൂരിലെ ഒരു ബേക്കറി കടയില്‍ സര്‍ബത്തും റൊട്ടിയും ചോദിച്ചപ്പോള്‍ കടക്കാരന്‍ കടയില്‍ കയറ്റിയത് പോലുമില്ലെന്നാണ് ഉയരുന്ന പരാതി. തന്നെ കടക്കാരന്‍ കടയില്‍ കയറാന്‍ അനുവദിക്കാതെ പുറത്തു നിര്‍ത്തുകയാണ് ഉണ്ടായത് എന്ന് ഡ്രൈവര്‍ പറയുന്നു.

മണിപ്പാലില്‍ നിന്നും ഒരു രോഗിയുമായി കൊടുങ്ങല്ലൂരിലേക്ക് എത്തിയതായിരുന്നു ഡ്രൈവര്‍. രോഗിയെ കൊടുങ്ങല്ലൂരിലെ മെഡിക്കല്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്വന്തം നാടായ വലപ്പാടിലേക്ക് തിരിച്ച് പോവുകയായിരുന്നു ഡ്രൈവര്‍. ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രയെ തുടര്‍ന്ന് ക്ഷീണവും വിശപ്പും അസഹനീയമായി അനുഭവപ്പെട്ടതോടെ ഡ്രൈവര്‍ ആംബുലന്‍സ് ഒതുക്കിയ ശേഷം കൊടുങ്ങല്ലൂരിലെ ഒരു ബേക്കറിയില്‍ കയറി സര്‍ബത്തും റൊട്ടിയും ചോദിച്ചു. ഇതോടെ ആംബുലന്‍സ് ഡ്രൈവറോട് കടയ്ക്കുള്ളില്‍ കയറാന്‍ പറ്റില്ലെന്നും പുറത്ത് നില്‍ക്കണമെന്നും കടയുടമ ആവശ്യപ്പെട്ടു. കൊറോണ ഭയത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ കടയുടമ പെരുമാറിയത് എന്നാണ് വിവരം. താന്‍ കൊറോണ പിടിപെട്ട രോഗിയെ കണ്ടിട്ട് പോലുമില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ വഴങ്ങാന്‍ കടയുടമ തയ്യാറായില്ല. അസഹനീയമായ വിശപ്പിനെ തുടര്‍ന്ന് കടയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു എന്നും യുവാവ് വ്യക്തമാക്കുന്നു.

ഇക്കാര്യം വിശദീകരിച്ച് യുവാവ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്ക് വെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘ബാഗ്ലൂര്‍ നിന്നും ഒരു പേഷ്യന്റിനെയും കൊണ്ട് കൊടുങ്ങല്ലൂര്‍ ഓടി എത്തിയപ്പോഴേക്കും വിശന്നു കയ്യും കാലും തളര്‍ന്നു പോയിരുന്നു വിശപ്പ് സഹിക്കാന്‍ പറ്റാതായപ്പോ ആദ്യം കണ്ട കടയില്‍ കയറി ഒരു സര്‍ബത്തും ഒരു റൊട്ടിയും ചോദിച്ചപ്പോ ആംബുലന്‍സ് ഡ്രൈവര്‍ അല്ലേ പുറത്ത് നിന്നാല്‍ മതി എന്നാണ് പറഞ്ഞത്. നിങ്ങള്‍ ഞങ്ങളെ ഒഴിവാക്കി മാറ്റി നിര്‍ത്തുമ്‌ബോള്‍ പെട്ടെന്നുണ്ടാവുന്ന ഒരാപകടത്തിലോ ആരും സഹായിക്കാന്‍ ഇല്ലാത്ത ഘട്ടങ്ങളിലോ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതും ഞങ്ങളാണ് മറക്കരുത്’