ഇടതുകോട്ടകളിൽ പോലും ആധിപത്യം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയെന്ന വികാരത്തിൽ തകർന്നടിഞ്ഞത് ജെയ്ക്ക്, പിണറായി സർക്കാരിന്റെ അധികാര ഗർവ്വിന് ലഭിച്ച തിരിച്ചടി

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലത്തിലും യുഡിഎഫ് തരംഗമാണ് തെളിഞ്ഞു കാണുന്നത്. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു.

സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. തെരഞ്ഞെടുപ്പു വേദിയിൽ ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ക്രൂരമായി അവഹേളിച്ച ഇടതുപക്ഷത്തിന്റെ അധികാര ഗർവ്വിന് നൽകിയ തിരിച്ചടിയാണ് പുതുപ്പള്ളിയിലെ കൂറ്റൻ വിജയം.

ഉമ്മൻ ചാണ്ടിയെന്ന ജനനേതാവിനെ എത്രത്തോളും സ്‌നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കുറ്റൻ വിജയം. മത്സരിക്കുന്നത് ചാണ്ടിയെങ്കിലും യഥാർഥ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയാണെന്ന വിധത്തിലായിരുന്നു യുഡിഎഫിന്റെ പ്രചരണം.

ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ് താമസിക്കുന്ന മണർക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറിയത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന മണർകാടും കൈവിട്ടതോടെ എൽഡിഎഫ് കനത്ത പരാജയമാണ് മുന്നിൽ കാണുന്നത്.

ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണവും നടന്നു.