3,000 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവ്, 50,000 രൂപ പിഴയും

തൃശൂർ: സർവേ നമ്പർ തിരുത്താൻ 3,000 രൂപ കൈക്കൂലി വാങ്ങി പിടിയിലായ മുൻ വില്ലേജ് അസിസ്റ്റന്റിന് രണ്ട് വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. തൃശൂർ ചളവന വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന വിജെ വിൽസനാണ് 2012ൽ വിജിലൻസിന്റെ പിടിയിലായത്. സർവേ നമ്പരിലെ തെറ്റ് തിരുത്താൻ 3,000 കൈക്കൂലി ആവശ്യപ്പെട്ടിരുന്നു വിൽസൻ.

കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസിന്റെ വലയിലാകുന്നത്. വില്ലേജ് രേഖകളിലും ഇയാൾ കൃത്രിമം കാണിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടിക്കുന്നത് സാധാരണ സിബിഐ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്.