ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേ പെൺകുട്ടി പ്ലാറ്റ്‌ഫോമിൽ വീണു; രക്ഷകനായി റെയിൽവേ ഉദ്യോഗസ്ഥൻ

മലപ്പുറം: ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിൽ വീണ പെൺകുട്ടിയെ രക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയിൽ കുട്ടി പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന പിതാവ് ട്രെയിനിൽ കയറിയെങ്കിലും കുട്ടി കയറിയിരുന്നില്ല. വണ്ടി ഓടിത്തുടങ്ങിയത് അറിഞ്ഞതോടെ പെൺകുട്ടി ചാടിക്കയറാൻ ശ്രമിച്ചു. എന്നാൽ നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് വീണു. ഇത് കണ്ട് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥൻ സതീഷ് ഓടിയെത്തി കുട്ടിയെ പിടിച്ചുമാറ്റുകയായിരുന്നു.

ട്രെയിനും പ്ലാറ്റ്‌ഫോമിനുമിടയിൽ പോകാതെ പെൺകുട്ടിയെ അദ്ദേഹം പിടിച്ചു മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ രക്ഷകനായ ഉദ്യോഗസ്ഥൻ കൈയ്യടി നേടി. നീങ്ങി തുടങ്ങിയ വണ്ടിയിൽ ഓടിക്കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇത്തരത്തിൽ ചെയ്താൽ ട്രെയിനിന്റെ ഇടയിലൂടെ ട്രാക്കിലേക്ക് വീഴാനുള്ള സാധ്യതയേറെയാണെന്നും പലപ്പോഴും അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.