നടിയെ ആക്രമിച്ച കേസ്; പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ തള്ളി

നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി സര്‍ക്കാര്‍ തള്ളി. പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ച രാജിക്കത്ത് അംഗീകരിക്കേണ്ടെതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രോസിക്യൂട്ടര്‍ എ സുരേശനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി എ സുരേശന്‍ തുടരും.

കേസില്‍ കോടതി മാറ്റത്തിനായി ഉടന്‍ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉടന്‍ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

പ്രോസിക്യൂഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ വിപിന്റെ നാടായ ബേക്കലിലെത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനു വഴങ്ങാതായതോടെ വിപിനു നേരെ ഭീഷണി ശ്രമങ്ങളുമുണ്ടായി. വിപിന്‍ലാലിന്റെ പരാതിയിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി വിശദമാക്കി ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബേക്കല്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പത്തനാപുരത്തുനിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍ഗോട്ടേയ്ക്ക് കൊണ്ടുപോയി. അറസ്റ്റിലായ പ്രദീപ് കുമാറിനെ ഗണേഷ് കുമാര്‍ എം.എല്‍.എ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പ്രതീപ് കുമാര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് ഇയാളെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. വിഷയത്തില്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.