യുഎഇയിൽ കനത്ത മഴ തുടരുന്നു, തിരുവനന്തപുരത്തു നിന്നുള്ള 4 വിമാനങ്ങൾ യാത്ര റദ്ദാക്കി

തിരുവനന്തപുരം∙ യുഎഇയിൽ നത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തു നിന്നുള്ള 4 വിമാനങ്ങൾ യാത്ര റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഷാർ‌ജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ ആക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതുവരെ അഞ്ഞൂറോളം വിമാനങ്ങളാണ് റദ്ദാക്കുയോ വഴി തിരിച്ചു വിടുകയോ ചെയ്തിരിക്കുന്നത്. പല വിമാനങ്ങളും വളരെ വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള 15 വിമാനങ്ങളാണ് ഇതു വരെ റദ്ദാക്കിയിരിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയിട്ടുണ്ട്.

ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.