ന്യൂമോണിയ മാറ്റാൻ ദുർമന്ത്രവാദം: പഴുപ്പിച്ച ഇരുമ്പുദണ്ഡുകൊണ്ട് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ പൊള്ളിച്ചു, മരണം

ന്യൂമോണിയ മാറാനായി നടത്തിയ മന്ത്രവാദത്തിനിടെ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ക്രൂരമായ മന്ത്രവാദത്തിന് വിധേയയാക്കുകയായിരുന്നു. 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ പൊള്ളലേൽപ്പിക്കുകയുണ്ടായി. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കുഞ്ഞിന്റെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഷാഹ്ദോലിൽ ഇത്തരത്തിലുള്ള മന്ത്രവാദ ചികിത്സാ രീതികൾ പതിവാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കേരളത്തിലെ മലപ്പുറത്ത് മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനാണ് പോലീസ് പിടിയിലായിരിക്കുന്നത്. മന്ത്രവാദ ചികിത്സയ്ക്കായി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നത്.

മന്ത്രവാദവും പാരമ്പര്യ ചികിത്സയും വശമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ സമീപിക്കുന്നത്. പിന്നീട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് ലൈം​ഗിക അതിക്രമം നടത്തുന്നത്.