ഭാരതം ആഗോള ശക്തിയാകുന്നു, നേട്ടങ്ങൾ തുറന്നു കാട്ടി ചൈനീസ് പത്രം

ഭാരതം ആഗോള ശക്തിയാകുന്നു” ലോക രാജ്യങ്ങളെ കടത്തി വെട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാരതത്തിന്റെ ഈ കുതിപ്പ് വിളിച്ചു പറഞ്ഞിരിക്കുന്നത് ചൈനീസ് പത്രം. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെയും നയതന്ത്രവിജയങ്ങളെയുമാണ് പത്രത്തിൽ അഭിനന്ദിച്ചിരിക്കുന്നത്. ചൈനീസ് ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന ഗ്ലോബൽ ടൈംസ് എന്ന പത്രമാണ് മോദിക്കും ഭാരതത്തിനും കയ്യടി നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

‘ഭാരത് നറേറ്റീവ്’ എന്ന തലക്കെട്ടോടെയാണ് പത്രത്തിലെ ലേഖനം. ഇന്ത്യയുടെ വിദേശനയം ഏറെ വികസിച്ചുവെന്നും ഭാരതം വലിയൊരു ശക്തികേന്ദ്രമായി മാറുകയാണെന്നും ന്യൂഡൽഹിയുടേത് തന്ത്രപരമായ ഇടപെടലുകളും ചിന്താഗതികളുമാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വർഷത്തെ ഇന്ത്യയുടെ ഭരണനേട്ടങ്ങളാണ് ലേഖനത്തിൽ എണ്ണിപ്പറയുന്നത്. ഷാങ്ഹായിലുള്ള ഫുഡൻ സർവ്വകലാശാലയിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസിന്റെ ഡയറക്ടർ ഷാംഗ് ജിയാദോംഗ് ആണ് ലേഖകൻ.

കഴിഞ്ഞ നാല് വർഷമായി ഭാരതം കൈവരിക്കുന്നത് ശ്രദ്ധേയമായ നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, നഗരഭരണത്തിലുള്ള മെച്ചപ്പെടലുകൾ, അന്താരാഷ്‌ട്ര ബന്ധങ്ങളിൽ പുതുതായി സ്വീകരിച്ച നയങ്ങൾ പ്രത്യേകിച്ചും ചൈനയുമായി ബന്ധപ്പെട്ട്.. എന്നിവയെല്ലാം ലേഖനത്തിൽ പരാമർശിക്കുന്നു. ”ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരകരാറുകൾ പരിശോധിച്ചാൽ വലിയ തോതിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും. നേരത്തെ വ്യാപാരത്തിലുള്ള അസന്തുലിതാവസ്ഥയെ ലഘൂകരിക്കാൻ ചൈന സ്വീകരിക്കുന്ന നടപടികളിലാണ് ഇന്ത്യൻ പ്രതിനിധികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാലിന്ന് കയറ്റുമതി സാധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ഇന്ത്യയുടെ ശ്രമം.”

തന്ത്രപരമായ ആത്മവിശ്വാസത്തെയും ഭാരതമെന്ന ആഖ്യാനത്തെയും (Bharat narrative) മറ്റുള്ളവരിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി സജീവമായ ഇടപെടലുകളാണ് ഇന്ത്യ സ്വീകരിക്കുന്നത്. സാമ്പത്തികപരമായും സാമൂഹികപരമായും ഇന്ത്യ കൈവരിച്ച അതിവേഗമുള്ള വളർച്ച രാജ്യത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതിനൊപ്പം ലോകത്തിന് മുന്നിൽ ഭാരതമെന്ന ആഖ്യാനത്തെ സൃഷ്ടിക്കാൻ സഹായിച്ചു. രാഷ്‌ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ പാശ്ചാത്യരുമായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്താനും ‘ജനാധിപത്യ രാഷ്‌ട്രീയ’ത്തിന്റെ ഇന്ത്യൻ പതിപ്പ് അവരിലേക്കെത്തിക്കാനും ന്യൂഡൽഹിക്ക് സാധിച്ചു. ഭാരതത്തിൽ വർഷങ്ങളോളം നിലനിന്നിരുന്ന കൊളോണിയൽ കാലത്തിന്റെ ആഘാതങ്ങളിൽ നിന്നും ഉയർത്തെഴുന്നേറ്റ്, രാഷ്‌ട്രീയപരമായും സാംസ്‌കാരികപരമായും ലോകരാജ്യങ്ങളെ സ്വാധീനിക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഉയർന്നുവരാൻ ഇന്ത്യയ്‌ക്ക് സാധിച്ചുവെന്നതാണ് കാതലായ മാറ്റം.

യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ഏറെ ശ്രദ്ധയോടെ സൂക്ഷ്മമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. യുഎസ്, ജപ്പാൻ, റഷ്യ തുടങ്ങിയ ആഗോള ശക്തികളുമായുള്ള ബന്ധങ്ങൾ മികവുറ്റതാക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിദേശനയങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായി. ആഗോളശക്തിയാവുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സമീപനങ്ങളിൽ വന്നിരിക്കുന്ന പരിവർത്തനത്തിന് ഏതാണ്ട് പത്ത് വർഷത്തെ പ്രായം മാത്രം. ചെറിയ കാലയളവിൽ വന്ന വലിയ മാറ്റം. ഇന്ന് കണ്ടില്ലെന്ന് നടിക്കാനാവാത്ത വിധം ഭാരതം വളർച്ച കൈവരിക്കുകയാണ്. – ലേഖനത്തിൽ വ്യക്തമാക്കുന്നു.