ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചു’: സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി വാര്‍ത്ത

സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് ബിജു മേനോന്‍. തന്റേതായ അഭിനയമികവ് കൊണ്ടും പ്രത്യേകമെന്നു പറയാവുന്ന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളിയുടെ മനസ്സിൽ ബിജു മേനോന് ഒരു പ്രത്യേക സ്ഥാനമുണ്ട്.

1991ല്‍ തുടങ്ങിയ സിനിമാ ജീവിതത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് അന്നു മുതല്‍ ഇന്നുവരെ പ്രേക്ഷകരെ കയ്യിലെടുത്തു മുന്നേറുകയാണ് താരം എന്ന് തന്നെ പറയണം. വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളാണ് ബിജു മേനോനെ മറ്റ് നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. നായകനായും സഹനടനായും പ്രതിനായകനായും 150ല്‍ അധികം ചിത്രങ്ങളില്‍ ബിജു മേനോന്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലാകെ ബിജു മേനോനെ പ്പറ്റിയുള്ള ഒരു വാർത്ത പറന്നിരിക്കുകയാണ്. ഒരു വാട്ട്സ് ആപ് മെസ്സേജാണ് വൈറലായി യിരിക്കുന്നത്. Muslims in Czechia എന്ന് പേരുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജു മേനോന്‍ ഇസ്ലാം മതം സ്വീകരിച്ചെന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചിരിക്കുന്ന സന്ദേശം. ബിജു മേനോന്‍ ക്രിസ്തീയ വേഷത്തിലും ഇസ്ലാമിക വേഷത്തിലും നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും സന്ദേശത്തിനൊപ്പം പ്രചരിക്കുന്നു.

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന രണ്ട് സിനിമകളാണ് റോമന്‍സും മരുഭൂമിയിലെ ആനയും. റോമന്‍സ് എന്ന ചിത്രത്തില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. മരുഭൂമിയിലെ ആനയില്‍ അദ്ദേഹം അറബി വേഷത്തിലും എത്തുന്നു. സത്യത്തിൽ ഈ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചു വരുന്നത്.

വാര്‍ത്ത സത്യമെന്ന് കരുതി നിരവധി പേര് ഇത് ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാൽ സംഭവത്തിലെ തമാശ മനസ്സിലാക്കിയ മലയാളികളാണ് ഇപ്പോള്‍ ട്രോള്‍ രൂപത്തില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നത്. കാര്യം ഇങ്ങനെയാണെങ്കിലും സമൂഹ മാദ്ധ്യമങ്ങളില്‍ പറഞ്ഞു ചിരിക്കാനുള്ള ഒരു കാരണം കൂടിയായി ബിജു മേനോന്‍ മാറിയിരിക്കുകയാണ്.