വാരണാസിയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം, പ്രധാനമന്ത്രി ശനിയാഴ്‌ച തറക്കല്ലിടും

ലക്‌നൗ: വാരണാസിയിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്‌ച തറക്കല്ലിടും. ഗജ്ജരിയിലെ പുതിയ സ്റ്റേഡിയം ഭാരതീയ സംസ്‌കാരം വിളിച്ചോതും വിധത്തിലാകും നിർമ്മിക്കുക. ശിവന്റെ പ്രതീകങ്ങളായ ത്രിശൂലം, ചന്ദ്രക്കല, ഢമരു എന്നിവ ഉൾക്കൊള്ളിച്ചാകും സ്റ്റേഡിയത്തിന്റെ നിർമ്മാണം എന്നാണ് പുറത്തു വരുന്ന വിവരം.

ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ ഉന്നതരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കും. മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, മദന്‍ ലാല്‍, ഗുണ്ടപ്പ വിശ്വനാഥ്, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയ ചടങ്ങിൽ പങ്കെടുക്കും.

ചടങ്ങിന് ശേഷം പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പിന്നാലെ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ 5,000 സ്ത്രീകൾ ആദരിക്കും. ഇതിന് ശേഷം രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും. അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.

നിർമാണത്തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ സമഗ്രമായ വികസനത്തിനും സഹായിക്കുന്നതിനായാണ് ഈ സ്‌കൂളുകഗൾ ആരംഭിക്കുന്നത്.