പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘട്ടനം; 7 പേര്‍ക്ക് പരുക്ക്

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും ഏറ്റുമുട്ടി. കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കും നാല് ജീവനക്കാര്‍ക്കും പരുക്ക്. ഫാസ്റ്റാഗിലെ മിച്ചമുള്ള തുകയെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഘര്‍ഷമുണ്ടായത്.

2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കരയിലായിരുന്നു ടോള്‍ പ്ലാസ സ്ഥാപിച്ചത്. ഇതിനോടകം പല പ്രതിഷേധങ്ങള്‍ക്കും യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കും ടോള്‍ പ്ലാസ സാക്ഷിയായിട്ടുണ്ട്.

അതേസമയം, പാലിയേക്കരയില്‍ ടോള്‍ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചിലവായ തുകയേക്കാള്‍ ടോള്‍ കമ്പനി ഇതിനോടകം പിരിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട് . 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിര്‍മാണത്തിന് ആകെ ചെലവായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. അതായത് ചിലവായതിനേക്കാള്‍ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തുവെന്ന് വ്യക്തം.