ആ കോക്കസാണ് പിണറായിയെ സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലേക്ക് വലിച്ചിഴച്ചത് – ജേക്കബ് തോമസ്

കൊച്ചി. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കോക്കസാണ് മുഖ്യമന്ത്രി പിണറായി വിജയനെ സ്വര്‍ണക്കടത്ത് കേസ് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നു മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ് തോമസിന്റെ വെളിപ്പെടുത്തൽ. ഞാൻ ആ പദവിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ ഈ കേസില്‍ പെടില്ലായിരുന്നു എന്നുറപ്പുണ്ടെന്നും ജേക്കബ് തോമസ്. ‘എക്സ്പ്രസ് ഡയലോഗി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ നിലപാട് കണ്ടിട്ടാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് തന്നെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ അതൊരു വലിയ തെറ്റായിപ്പോയി. ഇന്ന് സംസ്ഥാന പൊലീസിലെ റാങ്കിങ്ങില്‍ രണ്ടാമനാണ് താന്‍. ഒന്നാമത് ടിപി സെന്‍കുമാര്‍. മൂന്നാമത് ലോക് നാഥ് ബെഹ്‌റ. സെന്‍കുമാറിന് ശേഷം എന്നെയാണ് ക്രമസമാധാനച്ചുമതലയുള്ള ഡിജിപിയായി നിയമിക്കേണ്ടത്. എന്നാല്‍ ബെഹ്‌റയെയാണ് നിയമിച്ചത്. അതിനാലാണ് തന്നെ വിജിലന്‍സ് ഡയറക്ടറാക്കിയത്.

‘ലോക്‌നാഥ് ബെഹ്‌റ… ലോക്‌നാഥ് ബെഹ്‌റയാണ്’ എന്നതിനാലാണ് ബെഹ്‌റയ്ക്ക് പ്രത്യേക പരിഗണന ലഭിക്കാന്‍ കാരണം. ഡിജിപി പദവിയില്‍ നിന്നും വിരമിച്ച ശേഷവും വളരെ ഉയര്‍ന്ന ഒരു പദവി ബെഹ്‌റയ്ക്ക് ലഭിച്ചില്ലേ. ജേക്കബ് തോമസിന് കിട്ടിയോ?, ഋഷിരാജ് സിങ്ങിന് കിട്ടിയോ?. പക്ഷെ ബെഹ്‌റയ്ക്ക് കിട്ടി. അതാണ് ബെഹ്‌റയെന്ന് ജേക്കബ് തോമസ് പറഞ്ഞിരിക്കുന്നു.

വിജിലന്‍സ് ഡയറക്ടറായിരിക്കെ പിണറായി വിജയനുമായി വളരെ അടുപ്പമാണ് ഉണ്ടായിരുന്നത്. ഇ പി ജയരാജന്റെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വിഷയമല്ല തന്റെ പദവിയില്‍ നിന്നും നീക്കാന്‍ കാരണമായത്. ഇപി ജയരാജന്‍ കേസില്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ തീരുമാനമെടുക്കാന്‍ രണ്ടു ദിവസത്തെ സാവകാശം മുഖ്യമന്ത്രി ചോദിച്ചു. വിജിലന്‍സ് തുടര്‍ന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു – ജേക്കബ് തോമസ് പറഞ്ഞു.

അഴിമതി ആരോപണങ്ങളില്‍ സിപിഎം നേതാക്കളും മുന്‍മന്ത്രിമാരുമായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. അഴിമതി ആരോപണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെ, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് ഞാൻ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് തലവേദനയായി തോന്നി. – ജേക്കബ് തോമസ് പറഞ്ഞു.

തന്നോട് കുറച്ചുകാലം അവധിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതുപ്രകാരം അവധിയെടുത്തു. അവധിക്കാലത്ത് പുസ്തകമെഴുതാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രിയെ അറിയിച്ചു. അതു നല്ല ഐഡിയ ആണെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് മികച്ച പിന്തുണയാണ് പിണറായി തനിക്ക് നല്‍കിയത്. പുസ്തകത്തിന്റെ പ്രകാശന തീയതിയും വേദിയും വരെ അദ്ദേഹത്തിന്റെ സൗകര്യം കൂടി പരിഗണിച്ചാണ് തീരുമാനിച്ചത്.

എന്നോട് ഇഷ്ടമില്ലാത്തതുകൊണ്ടല്ല സസ്‌പെന്‍ഡ് ചെയ്തത്. താന്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ ബെഹ്‌റയ്ക്ക് അത് പ്രശ്‌നമാകും എന്നതാണ് പ്രധാന കാരണം. പൊലീസ് മേധാവി എന്ന നിലയില്‍ തന്നേക്കാള്‍ കൂടുതല്‍ ഉപകാരപ്പെടുക ബെഹ്‌റയാകുമെന്ന് പിണറായി വിജയന്‍ കരുതിക്കാണും. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഒരു കോക്കസും തനിക്കെതിരെ പ്രവര്‍ത്തിച്ചു. താന്‍ തന്ത്രപ്രധാന പദവിയില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് അവര്‍ കരുതി. കരുക്കള്‍ നീക്കി. അതാണ് തന്റെ പുറത്താക്കലിന് കാരണമായതെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ഈ കോക്കസാണ് മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്തു കേസ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്. താന്‍ ആ പദവിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ പിണറായി വിജയന്‍ ഈ കേസില്‍ പെടില്ലായിരുന്നു എന്നുറപ്പുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.