അച്ഛനെ പാട്ട് പാടി ഉറക്കി, കളിച്ചു ചിരിച്ചു കൊഞ്ചിച്ചു കൊണ്ട് നടക്കാന്‍ ഒരാള്‍ കൂടെ വേണം, അച്ഛനെ കുറിച്ച് യുവതിയുടെ ഹൃദ്യമായ കുറിപ്പ്

ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് ജിനി ഗോപാല്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചയാവുകയാണ്.അല്‍ഷിമേഴ്‌സ് ബാധിച്ച അച്ഛനൊപ്പമുള്ള അനുഭവങ്ങളാണ് ഹൃദ്യമായ കുറിപ്പിലൂടെ ജിനി പറഞ്ഞിരിക്കുന്നത്.തന്റെ അഞ്ച് വര്‍ഷത്തെ അച്ഛനുമായുള്ള അനുഭവം പങ്കുവെയ്ക്കുമ്പോള്‍ ഒരുപാട് കുടുംബംഗങ്ങള്‍ക്ക് പകച്ചു പോകാതെ മുന്നോട്ട് പോകാനുള്ള ഊര്‍ജം പകരാന്‍ ഉപകരിക്കുമെന്നും അവര്‍ പറയുന്നു.അച്ഛനെ പാട്ടുപാടി ഉറക്കി,വെള്ളത്തില്‍ കളിക്കാന്‍ വാശി പിടിച്ചു,വഴക്ക്,കരച്ചില്‍,ബഹളം എല്ലാം നേരിട്ടു, ആകെ ഓര്‍മ ഉണ്ടായിരുന്നത് തന്റെ പേര് മാത്രം ആയിരുന്നു എന്നും യുവതി കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം,ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം.ഈ ചിത്രം ഇവിടെ പങ്കുവെക്കുന്നു എന്തിനാണെന്നോ ഓര്‍മയുടെ ഇതളുകള്‍ കൊഴിഞ്ഞുപോയിട്ടും,ഓര്‍മ്മകള്‍ ഇല്ലാതെയും എറ്റവും സന്തോഷമുള്ള മനോഹരമായ ഒരു ജീവിത സായാഹ്നം സാധ്യമാണെന്ന് തെളിയിച്ച ഒരു അച്ഛനും മകളും.ഓര്‍മ്മകള്‍ മാഞ്ഞു പോയവര്‍ക്ക്, അവരെ പരിചരിക്കുന്ന കുടുംബങ്ങള്‍ക്ക്,സമൂഹത്തിനു ഞങ്ങള്‍ എന്നും ഒരു ഉദാഹരണവും ഊര്‍ജ്ജവും ആയിരിക്കട്ടെ.വൈദ്യശാത്രത്തില്‍ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായിരിക്കാം.പക്ഷേ മരുന്നുണ്ട്..ഫലപ്രദവുമാണ്.സ്‌നേഹം..ക്ഷമ…പരിചരണം,

എന്റെ അഞ്ചു വര്‍ഷത്തെ അച്ഛനുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് പകച്ചു പോകാതെ മുന്നോട്ടു പോകാനുള്ള ഊര്‍ജ്ജം പകരാന്‍ ഉപകരിക്കുന്നുണ്ട്.അന്നത്തെ പ്രായത്തില്‍ എങ്ങനെ എനിക്കതൊക്കെ സാധിച്ചു എന്ന് ചോദിച്ചാല്‍ എനിക്കും ഇപ്പോള്‍ അത്ഭുതം തോന്നുന്നുണ്ട്.ജീവിതത്തില്‍ ഉടനീളം ഞങ്ങക്ക് പരസ്പരം ആഴത്തിലുള്ള ഒരു സ്‌നേഹം ഉണ്ടായിരുന്നു.ഞാന്‍ അച്ഛന്റെ തോളോപ്പം വളര്‍ന്നപ്പോള്‍ അച്ഛന് ഒരു കൂട്ടുകാരിയെ കിട്ടി എന്ന് പറയാം.എനിക്കും.സ്‌നേഹം!അതുകൊണ്ട് മാത്രമാണ് ഒറ്റക്ക് ആയി പോയിട്ടും പ്രതിസന്ധികള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടും എന്റെ കരിയറും ജീവിതവും ഒക്കെമാറ്റിവെച്ചു കൂടെ തന്നെ നിര്‍ത്തി സംരക്ഷിച്ചത്.കുട്ടിയായിരുന്നപ്പോള്‍ ഒരു ഒറ്റപുത്രിക്ക് ഉണ്ടാവുന്ന എല്ലാ വാശികളും നിര്‍ബന്ധബുദ്ധിയും ഞാന്‍ കാണിച്ചിട്ടുണ്ട്.എല്ലാ വാശികളും നിര്‍ബന്ധങ്ങളും സാധിച്ചെടുത്തിട്ടുമുണ്ട്’കൊച്ച്’എന്ന് പറഞ്ഞാല്‍ വീട്ടില്‍ പ്രധാനമന്ത്രിയെ പോലെയാണ്.വലിയ പ്രാധാന്യമുള്ള കഥാപാത്രം ആയിരുന്നു. ഞാനും എന്റെ കാര്യങ്ങളും കഴിഞ്ഞേ വീട്ടില്‍ എന്തുമുള്ളു.എന്റെ സ്വഭാവരൂപികരണത്തിലും വ്യക്തിത്വത്തിലും അച്ഛന് നല്ല പങ്കുണ്ട്…എനിക്ക് കിട്ടിയ പേരെന്റിങ്‌നെ ഒരുപാട് നന്ദിയോടെയും സ്‌നേഹത്തോടെയും മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിയൂ.ഇതൊക്കെ പറഞ്ഞത് എന്താണെന്ന് വെച്ചാല്‍ അച്ഛന്റെ അവസാനകാലത്ത് എന്റെ കുട്ടികാലത്തെ വികൃതികളെ പത്തുകൊണ്ട് ഗുണിച്ചു എനിക്ക് തിരിച്ചു തന്നു..എല്ലാതരത്തിലും ചെറിയ കുട്ടികളെ പോലെയായി.ഒന്ന് കൈ വിട്ടിട്ട് എനിക്ക് മാറാന്‍ കഴിയില്ലായിരുന്നു.താഴെ വീഴും അല്ലെങ്കില്‍ അപകടമുണ്ടാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യും.പാതി ഉറങ്ങി എണീറ്റ ദിവസങ്ങള്‍.രാത്രിയും പകലും തമ്മില്‍ തല തിരിഞ്ഞ ദിവസങ്ങള്‍,എല്ലാത്തിനും ഞാന്‍ വേണം.എന്തൊക്കെ നുണ പറഞ്ഞു ഭക്ഷണവും മരുന്നും കൊടുത്തിരിക്കുന്നു..ഉറങ്ങാന്‍ എന്തൊക്കെ പാട്ട് പാടി..വെള്ളത്തില്‍ കളി ഹോ എന്റെ ഈശ്വരാ…കുളി എന്ന് പറഞ്ഞാല്‍ യുദ്ധം എന്നാണ്..വഴക്ക്,കരച്ചില്‍,ബഹളം…കണ്ണ് തെറ്റിയാല്‍ ഇറങ്ങി പോകും,ഇഷ്ടമുള്ള സാധനങ്ങള്‍ കണ്ടാല്‍ വാശി പിടിക്കും.ഇഷ്ടം ഇല്ലാത്തവരെ കണ്ടാല്‍ ബഹളം വെക്കും. തീയിലും വെള്ളത്തിലും പോവാതെ ഇടം വലം തിരിയാതെ ഞാന്‍ ഉണ്ടായിരുന്നു കൂടെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ വേറെയും…ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ ഓരോ രീതി ആണ്.ചില ദിവസങ്ങളില്‍ കുഞ്ഞുവാവ.ചില ദിവസങ്ങളില്‍ കുഞ്ഞുവാവ യുള്ള ഒരച്ഛന്‍.ചില ദിവസങ്ങള്‍ കോളേജില്‍ പഠിക്കുന്ന മോളുള്ള അച്ഛന്‍..ചില ദിവസങ്ങള്‍ മകള്‍ക്ക് വിവാഹം അന്വഷിക്കുന്ന അച്ഛന്‍,ചില ദിവസങ്ങള്‍ സ്‌കൂളില്‍ പോകുന്ന കുട്ടി.ചിലപ്പോള്‍ ബാങ്കില്‍ പോകണം,താലൂക്കില്‍ പോകണം,കൂട്ടുകാരെ കാണാന്‍ പോകണം.ജോലിക്ക് പോകണം.ചുരുക്കത്തില്‍ ആനുകാലിക ഓര്‍മ്മകള്‍ ഇല്ല.പാട്ട് പാടണം ഞാനും കൂടെ പാടണം കേള്‍ക്കണം..പാവകൊണ്ടും പന്ത് കൊണ്ടും കളിക്കണം ഞാനും വേണം കൂടെ.പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കും.പരസ്പരബന്ധം ഉണ്ടാവില്ലെന്ന് ഞാന്‍ പ്രതേകിച്ചു പറയണ്ടല്ലോ.ആരെയും അങ്ങനെ തിരിച്ചറിയില്ല.ഞാനില്ലാതെ ഇത്തിരി സമയം പോലും പറ്റില്ല..പക്ഷേ കൃത്യമായി ഞാന്‍ ആരാണെന്ന് അറിയില്ല.എപ്പോഴും കൂടെ ഉള്ളതുകൊണ്ടു ഏറ്റവും പ്രിയപ്പെട്ട ഒരാള്‍.എന്റെ പേരൊഴികെ മറ്റെല്ലാം മറന്നു..പഴയ ഓര്‍മ്മകള്‍ ഇടവിട്ട് കൃത്യമായി സജീവം..ഏറ്റവും പ്രധാനപെട്ട കാര്യം കളിച്ചു ചിരിച്ചു കൊഞ്ചിച്ചു കൊണ്ട് നടക്കാന്‍ ഒരാള്‍ കൂടെതന്നെ ഉണ്ടെങ്കില്‍ ഏറെ കുറെ ഒക്കെയാണ്…ഞാന്‍ എന്നെ മുഴുവനായും അതിനായി മാറ്റി വെച്ചതുകൊണ്ട് സാധാരണ പ്രായമായവര്‍ക്ക് ഉണ്ടാകുന്ന യാതൊരു വൈകാരിക സുരക്ഷിതകുറവും എന്റെ അച്ഛനില്‍ കണ്ടിട്ടില്ല.

Dementia യുള്ള ഒരാള്‍ വീട്ടില്‍ ഉണ്ടാകുമ്പോള്‍ പരിചരിക്കുന്നവരുടെ വ്യക്തിജീവിതത്തെ, മാനസികഘടനയെ,കരിയറിനെ,ഇക്കോണമിയെ അതെങ്ങനെ ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം.അതിനെയൊക്കെ എല്ലാ അര്‍ത്ഥത്തിലും ഭംഗിയായി അതിജീവിച്ച ഒരാളാണ് ഞാന്‍.പക്ഷേ പ്രായമാകുമ്പോള്‍ കൂടിയ അളവില്‍ മക്കളെ ആശ്രയിച്ചു ജീവിക്കണം എന്ന അഭിപ്രായം എനിക്കില്ല.അവഗണിക്കരുത്.സ്‌നേഹം,വൈകാരിക സുരക്ഷിതത്വം,സാമ്പത്തിക സുരക്ഷ ഇവ കൊടുക്കണം.എന്നാലും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല എന്ന തരത്തില്‍ മാനസികമായി തയ്യാറെടുക്കുന്നതു നന്നാവും.മറ്റു വികസിത രാജ്യങ്ങളില്‍ പ്രായമായവര്‍ സ്റ്റേറ്റിന്റെ കൂടി ഉത്തരവാദിത്തം ആണ്. ഉയര്‍ന്ന സാമൂഹിക സുരക്ഷയുണ്ട്. സാമ്പത്തിക സുരക്ഷയുണ്ട്.നമ്മുടെ നാട്ടില്‍ കൃത്യമായ പെന്‍ഷന്‍ പ്ലാന്‍ എത്ര ആളുകള്‍ക്കുണ്ട്?സര്‍ക്കാര്‍ സേവനം ചെയ്തിട്ടുള്ളവര്‍ക്ക് ആനുപാതിക പെന്‍ഷന്‍. അല്ലാത്തവര്‍ക്ക് 1000 രൂപയില്‍ താഴെയുള്ള പെന്‍ഷന്‍.അത് കൊണ്ട് മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പായെന്ന് തോന്നുന്നുണ്ടോ?12ആം ക്ലാസ് വരെയുള്ള സര്‍ക്കാരിന്റെ നിര്‍ബന്ധിത വിദ്യാഭ്യാസ പദ്ധതി പോലെ വായോജനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉണ്ടാവണം.അത് ആവശ്യമാണ്.സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ധാരാളം ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ട്.പക്ഷേ വയോജനങ്ങളുടെ അവകാശങ്ങള്‍ ക്ക് വേണ്ടി അധികം ആരും അങ്ങനെ സംസാരിച്ചു കാണുന്നില്ല.മാറ്റങ്ങള്‍ക്ക് വേണ്ടി ഞാന്‍ ആഗ്രഹിക്കുന്നു.Dementia ഫ്രണ്ട്‌ലിയായ ഒരു സൊസൈറ്റിക്കുവേണ്ടി പല സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്.ഒപ്പം ഞാനും ഉണ്ടാകും.അത് ഉണ്ടാകുന്നത് വരെ.ഒരു ധാര്‍മിക പിന്തുണ അത്രയെ ആവശ്യമുള്ളു.അല്‍ഷിമേഴ്!സ് ന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എന്റെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ ഞാന്‍ തയ്യാറാണ്…നന്ദി