ആംബുലന്‍സ് സൗകര്യം ലഭിക്കാതെ മുത്തശ്ശി മരിച്ചു, ആംബുലന്‍സ് സ്വന്തമായി വാങ്ങി ഷൈജുവിന്റെ നന്മ പ്രതികാരം

ചുനക്കര:പലപ്പോഴും ആശുപത്രിയില്‍ എത്തിക്കാനാവാതെ ജീവന്‍ നഷ്ടപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ആശുപത്രികളില്‍ എത്തിക്കാനായി വാഹനങ്ങള്‍ കിട്ടാത്തത് തന്നെയാണ് ഇതിന് കാരണം.കഴിഞ്ഞ ദിവസം ഇത്തരം ഒരു സംഭവം ചുനക്കരയില്‍ ഉണ്ടായി.95 വയസുള്ള സ്ത്രീക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനായി തിരക്കിയെങ്കിലും ആംബുലന്‍സ് ലഭിച്ചില്ല.കൊച്ചുമകന്‍ ഒരു ആംബുലന്‍സ് അങ്ങ് വിലക്ക് വാങ്ങി.

ഒരാഴ്ച മുമ്പാണ് സംഭവം.ചുനക്കര തടത്തിവിളയില്‍ പാരിഷബീവിക്ക് നെഞ്ചു വേദന അനുഭവപ്പെട്ടു.തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.സമീപത്ത് ഉള്ള ആശുപത്രികളില്‍ എല്ലാം ആംബുലന്‍സിന് വേണ്ടി വിളിച്ചപ്പോള്‍ ഡ്രൈവര്‍ ഇല്ല എന്ന മറുപടി ആയിരുന്നു ലഭിച്ചത്.നെഞ്ച് വേദന കലശലായതോടെ പാരിഷ ബീവിയെ കാറില്‍ കയറ്റി നൂറനാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മരണപ്പെട്ട പാരിഷ ബീവിയുടെ മൃതദേഹം വീട്ടിലേക്ക് തിരികെ എത്തിക്കാനും ആംബുലന്‍സ് ലഭിച്ചില്ല.ആശുപത്രിയില്‍ തിരക്കിയപ്പോള്‍ ആംബുലന്‍സിന് ഡ്രൈവര്‍ ഇല്ല എന്ന മറുപടി ആണ് ലഭിച്ചത്.പിന്നീട് മണിക്കൂറുകളോളം കാത്ത് നിന്ന ശേഷമാണ് ആംബുലന്‍സ് ലഭിക്കുന്നതും മൃതദേഹം വീട്ടില്‍ എത്തിക്കുന്നതും.ഇതോടെയാണ് തന്റെ ജീവിതത്തില്‍ നേരിട്ട ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിച്ച് പാരിഷ ബീവിയുടെ കൊച്ചുമോനും ബസ് ഉടമയുമായ ഷൈജു ഷാജി സ്വന്തമായി ഒരു ആംബുലന്‍സ് വാങ്ങാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് കോഴിക്കോട് നിന്നും ആംബുലന്‍സ് വാങ്ങി.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി ആംബുലന്‍സ് സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഷൈജു പറയുന്നു.