പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ ജോലി തട്ടിപ്പ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത ആള്‍ അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശി ജോഷി തോമസ് സമ്പാദിച്ചത് കോടികള്‍. 50ലധികം പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായെത്തിയത് പോലീസിലെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ദുബൈയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ സമയത്താണ് ജോഷിയെ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.

കാസര്‍കോട് ബന്തടുക്ക കരിവേടകം തുണ്ടത്തില്‍ സ്വദേശിയായ ജോഷി നേരത്തെയും പോലീസിന്റെ പിടിയിലായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്ത് കടന്ന പ്രതി പിന്നീട് അവിടെ നിന്നും തട്ടിപ്പുമായി വീണ്ടും സജീവമാവുകയായിരുന്നു. തട്ടിപ്പിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആവിക്കര പൊക്കണ്ടത്തില്‍ മാര്‍ഗരറ്റ് മേരി അലക്കോക്കിനെ (43) നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന ‘സെയ്ന്റ് ജോര്‍ജ് പ്രാര്‍ഥനാ ഗ്രൂപ്പി’ന്റെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിവന്നിരുന്നത്.

എസ് ഐമാരായ എ വിനോജ്, സി കെ അനില്‍കുമാര്‍, എ എസ് ഐ ജോസ് അഗസ്റ്റിന്‍, സി പി ഒ ലാലന്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.