രഹനമാരില്ല എങ്കില്‍ ഈ സമൂഹം ആള്‍ക്കൂട്ട ശബ്ദങ്ങളെ മാത്രം ശീലിച്ച് പോകുന്ന അവസ്ഥയിലേക്കെത്തിച്ചേരും, ജോമോള്‍ പറയുന്നു

രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് എത്തി. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചകള്‍ സജീവമാണ്. ‘രഹനയുടെ ആശയത്തോടും, രഹന ചെയ്യുന്ന പല കാര്യങ്ങളോടും എനിക്ക് യോജിപ്പില്ല, എങ്കിലും രഹനയെ പിന്തുണക്കുന്നു..’ ഇത്തരം കമന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ രഹനയെ സംബന്ധിക്കുന്ന വാര്‍ത്തകളില്‍ സജീവമാണ്. ഇത്തരം കമന്റുകള്‍ വിരോധാഭാസമാണെന്ന് പറയുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഹനയുടെ പ്രതികരണം.

ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

‘രഹനയുടെ ആശയത്തോടും, രഹന ചെയ്യുന്ന പല കാര്യങ്ങളോടും എനിക്ക് യോജിപ്പില്ല, എങ്കിലും രഹനയെ പിന്തുണക്കുന്നു..’ ഈയൊരു കമന്റ് പലയിടത്തും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ ചിന്തിക്കുകയായിരുന്നു, രഹനയുടെ ആശയത്തോടൊ, രഹന നടത്തുന്ന ഇടപെടലുകളോടോ യോജിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ രഹനയെ പിന്തുണക്കുന്നു? ഇതൊരു വിരോധാഭാസമല്ലേ? നമ്മുടെ നാട്ടില്‍ അവാര്‍ഡ് കാറ്റഗറിയിലുള്ള സിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന സിനിമകള്‍ വരാറുണ്ട്, അവയെ ആര്‍ട്ട് സിനിമ എന്ന് വിശേഷിപ്പിക്കാം, മുഖ്യധാരാ സിനിമകള്‍ എന്ന് വിളിക്കുന്ന സിനിമകളെ കൊമേഴ്‌സ്യല്‍ സിനിമകള്‍ എന്നും പറയാം. കൊമേഴ്‌സ്യല്‍ സിനിമയിലെ ചേരുവകള്‍, പൊതു സമൂഹത്തിലെ ബഹുഭൂരിഭാഗം ആളുകളെയും ഒരുതരത്തിലല്ല എങ്കില്‍ മറ്റൊരു തരത്തില്‍ തൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും. അത്തരം സിനിമകള്‍ക്കായി വലിയ മുടക്കുമുതല്‍ നടത്തുകയും, വാണിജ്യപരമായി ആ മുടക്കുമുതലിന്റെ പതിന്‍മടങ്ങ് ഇതേ സമൂഹത്തില്‍ നിന്നും തന്നെ നിര്‍മ്മാതാക്കള്‍ തിരിച്ചുപിടിക്കുകയും ചെയ്യും. എന്നാല്‍ സമൂഹത്തിന് നല്‍കാനായി വല്ല സന്ദേശവും ഇത്തരം സിനിമകളില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാകും മറുപടി, കൂടാതെ പുരോഗമനസമൂഹത്തെ പിന്നോട്ട് വലിച്ചിടാനുതകുന്ന പലതും, ചിന്താപരമായി നമ്മുടെ ചിന്തകളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പലതും ഇത്തരം സിനിമകളില്‍ കാണുകയും ചെയ്യും എന്നാല്‍ ആര്‍ട്ട്, അവാര്‍ഡ് സിനിമയെന്നൊക്കെ വിളിക്കപ്പെടുന്ന സിനിമകള്‍ വളരെ ചെറിയ മുടക്കുമുതലില്‍ ആണ് നിര്‍മ്മിക്കപ്പെടുന്നത്. വാണിജ്യപരമായി ഇത്തരം സിനിമകള്‍ വലിയ സാമ്പത്തീക നഷ്ടം തന്നെയായിരിക്കും നിര്‍മ്മാതാവിന് നല്‍കുക, അതേസമയം സമൂഹത്തെ പുരോഗമന പാതയിലേക്ക് നയിക്കാനാവശ്യമായ പല ചിന്തകളും സന്ദേശങ്ങളും ആ സിനിമകളില്‍ നമുക്ക് കാണാനുമാകും. ഇത്തരം സിനിമകള്‍ തീയേറ്ററുകളില്‍ വരുന്നതും പോകുന്നതും ആരും അറിയുകയുമില്ല. ചില സിനിമകള്‍ തീയേറ്ററുകള്‍ കാണാറുപോലുമില്ല എന്നതും വാസ്തവമാണ്.സുധാകര്‍ മംഗളോദയം, ബാറ്റന്‍ ബോസ് തുടങ്ങിയവര്‍ എഴുതുന്ന കാറ്റഗറി കൈകാര്യം ചെയ്യുന്ന എഴുത്തുകാരുടെ വായനക്കാരേക്കാള്‍ കുറവായിരിക്കാം ആനന്ദും, എംടിയും, കടമ്മനിട്ടയും ഇപ്പോള്‍ കെ.ആര്‍ മീരയും, ബന്യാമിനുമടക്കം പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തില്‍. അതുപോലെ തന്നെ ആര്‍ട്ട് ചിത്ര എക്‌സിബിഷന്‍ കാണാനായി പോകുന്നവരുടെ എണ്ണം തുച്ഛമായിരിക്കും എന്നതും യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ആര്‍ട് ചിത്രങ്ങള്‍ക്കോ, ആര്‍ട് സിനിമകള്‍ക്കോ, ഉള്‍ച്ചേര്‍ന്ന കലാമൂല്യം വലുതായിരിക്കുകയും ചെയ്യും. മുഖ്യധാരാ രാഷ്ട്രീയവും രഹനയും ഞാനുമുള്‍പ്പെടെ നിരവധി ആളുകളും പറയുന്ന രാഷ്ട്രീയവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്, രണ്ടും രണ്ടു കാറ്റഗറിയിലുള്ളതാണ് താനും. മുഖ്യധാരാ രാഷ്ട്രീയത്തെ നമുക്ക് വാണിജ്യ സിനിമകളുമായി ഉപമിക്കാം, മുഖ്യധാരാ രാഷ്ട്രീയത്തിന് ഒരു സ്ഥിരം പാറ്റേണുണ്ട്, അത് സമൂഹത്തിലെ ഭൂരിപക്ഷത്തിനും രസിക്കുന്ന രീതീയിലുള്ള ഒരു പാക്കേജാണ്. ആ പാക്കേജില്‍ നിന്നും വിഭിന്നമായി വരുന്ന പാറ്റേണിലുള്ള രാഷ്ട്രീയത്തിന് സ്വീകാര്യതയില്ല എന്നു മാത്രമല്ല, ആ രാഷ്ട്രീയത്തെ മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയുന്നവരുടെ എണ്ണം, ആര്‍ട് സിനിമകളുടെ പ്രേക്ഷകരെപ്പോലെ വിരലിലെണ്ണാവുന്നവര്‍ മാത്രവുമായിരിക്കും. എങ്കിലും ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന, നിരന്തരം സംസാരിക്കുന്ന രാഷ്ട്രീയം ചില ചൂണ്ടിക്കാണിക്കലുകള്‍ തന്നെയാണ്, ആ ചൂണ്ടിക്കാണിക്കലുകള്‍ സമൂഹത്തെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൊണ്ടുപോകുമ്പോള്‍, ഈ സമൂഹത്തില്‍ വരുത്തേണ്ട തിരുത്തലുകളും അപ്‌ഡേഷനുകളും ഒക്കെത്തന്നെയാണ് എന്ന ഉറച്ച ബോധ്യം ഈ രാഷ്ട്രീയത്തെ നിസ്വാര്‍ത്ഥമായി സമീപിക്കുന്ന ഓരോ വ്യക്തിയിലുമുണ്ട്.

എങ്ങനെ തിരുത്തലുകളായി മാറുന്നു എന്നത് സമീപകാല സംഭവങ്ങളെ ഉദാഹരിച്ച് ചുരുക്കം വാക്കുകളില്‍ പറയാം.. പാലത്തായി കേസില്‍ ഒരു പെണ്‍കുഞ്ഞിനെ ക്രൂരമായി ലൈംഗീകമായി പീഢിപ്പിച്ചെന്ന ആരോപണം നേരിടുന്ന അദ്ധ്യാപകന്‍ സ്വതന്ത്രനായി നമ്മുടെ കണ്‍മുന്നില്‍ കൂടെ ഇതേ പൊതുസമൂഹത്തിലൂടെ നടക്കുന്നു. വാളയാര്‍ കേസില്‍ രണ്ടു പെണ്‍കുട്ടികളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത്, കെട്ടിത്തൂക്കി കൊന്നവര്‍ ഇതേ പൊതുസമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കുന്നു. എന്നാല്‍ സ്വന്തം അമ്മയുടെ ശരീരത്തില്‍ സ്വന്തം മകന്‍ പെയിന്റിങ് ചെയ്തതിന്, ആ മകന് ക്യാന്‍വാസായി സ്വന്തം ശരീരം വിട്ടുനല്‍കിയ അമ്മ, പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്, അറസ്റ്റിന് വിധേയയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് പ്രതിയായി ജയിലില്‍ കഴിയുന്നു. ആ അമ്മ രഹന ഫാത്തിമയാണ്. ഈ മൂന്നു സംഭവങ്ങളും പഠിക്കുന്നവര്‍ക്ക്, ഏതു തലമുറയിലായാലും ഇതൊരു കറക്ഷന് വേണ്ടിയുള്ള ഇന്‍സിഡന്റുകളാണ്. ഈ കറക്ഷന്‍ നടത്താന്‍ മുഖ്യധാരാ സമൂഹം തയ്യാറാകുന്നസമയത്ത്, രഹന തെറ്റുകാരിയാരിക്കില്ല എന്നതെനിക്കുറപ്പാണ്. ഇങ്ങനെ ചില രഹനമാരില്ല എങ്കില്‍ ഈ സമൂഹം ആള്‍ക്കൂട്ട ശബ്ദങ്ങളെ മാത്രം ശീലിച്ച് പോകുന്ന അവസ്ഥയിലേക്കെത്തിച്ചേരും.

നിശ്ചിത പാറ്റേണിലുള്ള മുഖ്യധാരാ രാഷ്ട്രീയവും, കൃത്യമായ പാറ്റേണില്‍ നിന്നും അണുവിട വ്യതിചലിക്കാത്ത വാണിജ്യ സിനിമകളും കണ്ടു ശീലിച്ച പൊതുസമൂഹത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും, ഈ പാറ്റേണുകളില്‍ നിന്നും വേറിട്ട, ഈ പാറ്റേണുകളുമായി നേരിട്ട് ബന്ധമില്ലാത്ത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രഹന ഫാത്തിമയെ മനസ്സിലാകാന്‍ വലിയ ബുദ്ധിമുട്ടാണ്. ആഫ്രിക്കയുടെ രാഷ്ട്ര പിതാവ് നെല്‍സന്‍ മണ്ഡേലയെ രണ്ടു ദശകക്കാലം അതേ രാജ്യത്ത് തന്നെ ജയിലിലടച്ചതാണ് എന്നത് തന്നെയാണ് കാലത്തിനും മുമ്പേ സഞ്ചരിക്കുന്നവര്‍ ഉള്‍ക്കൊള്ളേണ്ട വസ്തുത. ‘ഉശിരുള്ള നായര്‍ മണിയടിക്കും, എച്ചില്‍ പെറുക്കി നായര്‍ അവന്റെ പുറത്തടിക്കും’ എന്ന് പറഞ്ഞ് ധീരമായ നവോദ്ധാന ഇടപെടല്‍ നടത്തിയ പി. കൃഷ്ണപിള്ളയും, ‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും’ എന്നു പറഞ്ഞ സി. കേശവനും ഇന്നിന്റെ വര്‍ത്തമാന സമൂഹത്തിലായിരുന്നു ഇത്തരം സ്റ്റേറ്റ്‌മെന്റ് നടത്തുകയും, അതിനനുസരിച്ച ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നത് എങ്കില്‍ ഒരു കാര്യമുറപ്പാണ്, അവര്‍ രഹനെയേക്കാള്‍ തിരസ്‌കൃതരായേനെ, മാത്രവുമല്ല ജലിലുകളില്‍ ജീവിതമൊടുങ്ങാന്‍ അവര്‍ വിധിക്കപ്പെടുകയും ചെയ്‌തേനെ. സി. കേശവന്റേയും, പി.കൃഷ്ണപിള്ളയുടേയും കാലങ്ങളില്‍ നിന്നും ദശകങ്ങള്‍ ഈ സമൂഹം കാലചക്രത്തില്‍ മുന്നോട്ട് വന്നു എങ്കിലും, സാംസ്‌കാരികമായും, നവോദ്ധാനപരമായും ചിന്താപരമായും നമ്മുടെ സമൂഹം ഇവരുടെ കാലങ്ങളേക്കാള്‍ ദശകങ്ങള്‍ പിന്നിലാണ് ഇന്നും..