മനുഷ്യന് മാത്രമല്ല മറ്റ് ജീവികള്‍ക്കും നാശം, 5ജി നെറ്റ്വര്‍ക്കിനെതിരെ ജൂഹി ചൗള കോടതിയില്‍

മുംബൈ: രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനിടെ നടി ജൂഹി ചൗള കോടതിയില്‍. 5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് ജൂഹി ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കും.

താന്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ജൂഹി പറയുന്നു. സാങ്കേതിക വിദ്യയുടെ എല്ലാ ഗുണവും താന്‍ അനുഭവിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ വരുമ്ബോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. റേഡിയോ വികിരണവും സെല്‍ ടവറുകളും മനുഷ്യന്റെ ആരോഗ്യത്തിനും സമൂഹത്തിനും ദോഷകരമാണെന്ന് വിശ്വസിക്കാന്‍ ധാരാളം കാരണങ്ങളുണ്ടെന്ന് ജൂഹി പറയുന്നു.

5ജി വരുന്നതോടെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും ഒരു സമയവും വികിരണത്തിനിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന പ്രചാരണങ്ങള്‍ സജീവുമാവുന്നതിനിടെയാണ് ജൂഹിയുടെ ഹര്‍ജി. 365 ദിവസവും 24 മണിക്കൂറും ഓരോ ജീവജാലവും വികിരണത്തിനു വിധേയമാവുമെന്നാണ് പ്രചാരണം നടത്തുന്നവര്‍ പറയുന്നത്.

വികിരണം ഭൂമിക്കും ജീവജാലങ്ങള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന പഠനങ്ങള്‍ നടക്കുകയെന്നതു മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ജൂഹിയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.