അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നു, ചൂടില്‍ ഉരുകി കേരളം

സംസ്ഥാനത്ത് അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നു. ജില്ലകളിലെ പല സ്ഥലങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രികളിലും ചൂടിന് കുറവില്ല. പല ജില്ലകളിലും ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില നാലര ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതാണ് ഉഷ്ണതരംഗം. ഈ സാഹചര്യത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാദ്ധ്യത ഏറെയാണ് . അതിനാല്‍ അതീവ ഗൗരവത്തോടെ തന്നെ മുന്നറിയിപ്പ് പരിഗണിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനാണ് സാദ്ധ്യതയുള്ളത്. നാളെവരെ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ ഇന്നും നാളെയും മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തണല്‍ ഉറപ്പ് വരുത്തി, ശരീരം തണുപ്പിച്ച്‌ കൊണ്ട് മാത്രം ഡ്യൂട്ടി തുടരാന്‍ നിര്‍ദേശിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും തണലില്‍ വിശ്രമിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചിട്ടുണ്ട്.