ഞാൻ ഭക്ഷണത്തിനിരുന്നെങ്കിലും എനിക്ക് മാത്രം വിളമ്പിയില്ല, അവ​ഗണനയെക്കുറിച്ച് കൊച്ചു പ്രേമൻ പറഞ്ഞതിങ്ങനെ

പ്രിയ താരം കൊച്ചുപ്രേമൻറെ അപ്രതീക്ഷിതമായി വിയോ​ഗത്തിലാണ് സിനിമ ലോകം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഏഴുനിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. തിരുവനന്തപുരം സംഘചേതനയുൾപ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ നിന്ന് പണ്ട് അ​വ​ഗണന നേരിട്ടതിനെക്കുറിച്ച് കൊച്ചു പ്രേമൻ പറഞ്ഞതിങ്ങനെ, എന്റെ റോൾ അഭിനയിച്ച് പോയതിന് ശേഷം ലൊക്കേഷനിലേക്ക് തന്നെ തിരിച്ചെത്തി. അതുവരെ പ്രൊഡക്ഷനിൽ നിന്നും കാറ് വന്ന് എന്നെ കൊണ്ട് പോവുകയാണ് ചെയ്തിരുന്നതെങ്കിൽ‌ പിന്നെ കാര്യങ്ങൾ മാറി. ഷൂട്ട് തീർന്നതല്ലേ, എന്തിനാ ഇനിയും വന്നത് എന്ന മട്ടിൽ അവിടുത്തെ സെക്യൂരിറ്റിക്കാരൻ പോലും എന്നെ ചോദ്യം ചെയ്ത് തുടങ്ങി

അന്ന് പ്രൊഡക്ഷൻ ഫുഡ് തമിഴ് സ്‌റ്റൈലിലാണ് കൊടുക്കുന്നത്. സാമ്പാർസാദം, തൈർ സാദം എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ഉള്ളത്. മറ്റ് നടീ, നടന്മാർക്കൊപ്പം ഞാനും ഗമയിൽ ഭക്ഷണം കഴിക്കാൻ കയറി ഇരുന്നു. എന്നാൽ പന്തിയിൽ എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നവർക്ക് വിളമ്പിയെങ്കിലും എനിക്ക് മാത്രം വിളമ്പിയില്ല.

അവിടെയുള്ള ആരും എനിക്ക് വിളമ്പി കൊടുക്കാനും പറഞ്ഞില്ല. കുറച്ച് നേരം അവിടെ വെറുതേ ഇരുന്നിട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി പോന്നു. അന്നൊക്കെ ആ സെറ്റിൽ എത്ര പേരുണ്ടോ, അത്രയും പേർക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയാണ്. ആ സിനിമയിൽ അഭിനയിക്കുന്ന ആളായത് കൊണ്ടൊന്നും കാര്യമില്ല. അന്നൊക്കെ എണ്ണം കൃത്യമായി കൊടുക്കും. അതിനുള്ള ഭക്ഷണമാണ് കൊണ്ട് വരിക. എന്നാൽ ഇപ്പോൾ ആ കഥയൊക്കെ മാറി. ഏത് സിനിമുടെ സെറ്റിലാണെങ്കിലും പ്രൊഡക്ഷൻ ഫുഡ് ആവശ്യത്തിന് കിട്ടും. അവിടെ പന്തിഭേദമില്ലാതെ ഒരേ ഭക്ഷണമാവും എല്ലാവർക്കും. നായകൻ കഴിക്കുന്ന ഭക്ഷണമാണ് പ്രൊഡക്ഷൻ ബോയി കഴിക്കുന്നത്. അങ്ങനെ കാര്യങ്ങളൊക്കെ മാറിയെന്നും കൊച്ചു പ്രേമൻ കൂട്ടിച്ചേർത്തു.

ഹാസ്യവേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമന്‍ ശ്രദ്ധേയനാവുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരന്‍, തിളക്കം, പട്ടാഭിഷേകം, ഓര്‍ഡിനറി, മായാമോഹിനി, കല്യാണരാമന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി നാടകമെഴുതി കൊച്ചുപ്രേമന്‍ സംവിധാനം ചെയ്തിട്ടുണ്ട്. അത് വിജയിച്ചതോടെ ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷമാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയ കൊച്ചു പ്രേമൻ, തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ് നാടക രംഗത്ത് ശ്രദ്ധേയനാവുന്നത്.

പിന്നീട് ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ നേടികൊടുത്തിട്ടുണ്ട്.