ബോബനും മോളിയും, മാതാപിതാക്കൾക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് കുഞ്ചാക്കോ

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കൊ ബോബൻ. ബോബനും മോളിയും എന്ന ക്യാപ്ഷൻ നൽകിയാണ് താരം മാതാപിതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാവർക്കും അവരുടെ അച്ഛൻ ഹീറോയാണ്, അമ്മ സൂപ്പർ ഹീറോയും. കുടുംബത്തേയും, സുഹൃത്തുക്കളേയും, സിനിമയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും എന്നെ പഠിപ്പിച്ച ദമ്പതികൾക്ക് വിവാഹ വാർഷികാശംസകൾ, മിസ്റ്റർ ബോബൻ നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങൾക്കറിയാം നിങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങൾക്കൊപ്പമുണ്ടെന്ന്, ഉമ്മകൾ കുഞ്ചാക്കൊ കുറിച്ചു. ചിത്രത്തിന് താഴെ രമേശ് പിഷാരടിയും വിനയ് ഫോർട്ടും ആശംസകൾ നേർന്നിട്ടുണ്ട്.

ചോക്ലേറ്റ് ഹീറോയായെത്തിയ കുഞ്ചാക്കോക്ക് ആരാധകർ നിരവധിയാണ്. 2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്.ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയാണ് കുഞ്ചാക്കൊ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചെമ്പൻ വിനോദ് ജോസാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഡിസംബർ മൂന്നാം തിയതി സിനിമ തിയേറ്ററുകളിൽ എത്തും.