കുട്ടനാടിന്‍റെ മുത്തശ്ശി ഏലിയാമ്മച്ചി ഓര്‍മ്മയായി

കുട്ടനാടിന്‍റെ മുത്തശ്ശി ഏലിയാമ്മച്ചി ഓടി നടക്കാനാകുന്ന കാലംവരെ ഓടിനടന്നു. ആരോഗ്യത്തിന്‍റെ പേരില്‍ സ്വാദിഷ്‌ടമായതൊന്നും വേണ്ടെന്നു വച്ചതുമില്ല. 115 മത്തെ വയസില്‍ മരണത്തിന്‌ കീഴടങ്ങുംവരെ ജീവിത ശൈലീരോഗങ്ങളെയടക്കം അകറ്റിനിര്‍ത്തിയ ഏലിയാമ്മച്ചി പുതുതലമുറകള്‍ക്ക്‌ മാതൃകയാകുന്ന ജീവിതമാണ്‌ നയിച്ചിരുന്നത്‌.

1924 ലെ മഹാ പ്രളയകാലത്ത്‌ ഏലിയാമ്മയ്‌ക്ക്‌ 16 വയാസായിരുന്നു. രണ്ട്‌ മഹാപ്രളയങ്ങള്‍ അടക്കം ഏലിയാമ്മ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ അനവധി. രണ്ടാം ക്ലാസുവരെ മാത്രമേ സ്‌കൂളില്‍ പഠിച്ചിട്ടുള്ളൂ. പ്രായം 110 പിന്നിട്ടതോടെയാണ്‌ കാവാലം വടക്ക്‌ കേളമംഗലത്ത്‌ വീട്ടില്‍ ഏലിയാമ്മ തോമസ്‌ നാടിന്റെയാകെ മുത്തശ്ശിയായി അറിയപ്പെട്ടത്‌.

കാവാലം ഇരുപതില്‍ വീട്ടില്‍ ചെറിയാനാശാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി കൊല്ലവര്‍ഷം 1083 ലായിരുന്നു ജനനം. സഹോദരങ്ങള്‍ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കാവാലം കടൂത്ര തോമസിന്റെ ഭാര്യയായ ഏലിയാമ്മയ്‌ക്ക്‌ പ്രായമേറിയിട്ടും ഓര്‍മയ്‌ക്കോ കേള്‍വിക്കാ കുറവുണ്ടായിരുന്നില്ല.