മത്സരിക്കാൻ ഒരുങ്ങി, സീറ്റില്ലെന്നറിഞ്ഞപ്പോൾ നടുറോട്ടിൽ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ച് വനിത കോൺ​ഗ്രസ് പ്രവർത്തക

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ചൂടുപിടിക്കുകയാണ്. എങ്ങനെയെങ്കിലും ഭരണത്തിലെത്തണമെന്ന ആ​ഗ്രഹത്തിലാണ് മൂന്ന് മുന്നണികളും. അതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി അവസാനം സീറ്റില്ലെന്നറിഞ്ഞതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകായണ് കോൺഗ്രസ് വനിതാ പ്രവർത്തക.

സ്ഥാനാർത്ഥിയായി പോസ്റ്റർ അടിക്കുകയും പത്രിക നൽകി പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പത്രിക പിൻവലിക്കേണ്ട അവസാന ദിവസമാണ് പാർട്ടി സ്ഥാനാർത്ഥി മറ്റൊരാളാണെന്നറിഞ്ഞത്. ഇതോടെ അടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം. കൈനകിരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് സംഭവം. കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക സമർപ്പിച്ച സുമയായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.

കത്തിച്ച പോസ്റ്ററുകൾ ചിലർക്കുള്ള നിവേദ്യമാണെന്നായിരുന്നു സുമയുടെ പ്രതികരണം. ദളിത് വനിത ആയതിനാലാണ് തനിക്ക് ജില്ലാ നേതൃത്വം സീറ്റ് നിഷേധിച്ചതെന്നും സുമ പറയുന്നു. ഇനി ഒരു പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വനിതക്കും ഈ ഗതി വരരുതെന്നും കെപിഎംഎസ് ശാഖ സെക്രട്ടറി കൂടിയായ സുമ വ്യക്തമാക്കി

പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ സ്വതന്ത്രമായി ജനവിധി തേടുകയാണ് സുമ. ക്യാമറ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് ബ്ലോക്ക് നേതൃത്വം സീറ്റ് ഉറപ്പ് നൽകിയതിന്റെ പേരിലാണ് പ്രചാരണം തുടങ്ങിയതെന്നും ഈ ഇനത്തിൽ 18000 രൂപ ചെലവായെന്നും സുമ വ്യക്തമാക്കി. അതിനാൽ തന്നെ സ്വതന്ത്രയായി മത്സരിക്കാൻ പോസ്റ്റർ അടിക്കുന്നില്ലെന്നും സുമ പറഞ്ഞു.