ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ; ഒരു ദിവസത്തെ നഷ്ടം മൂന്ന് ലോഡ് ടിന്നുകൾ; കണ്ണടച്ച് ദേവസ്വം ബോർഡ്

പന്തളം : അരവണ നിറയ്‌ക്കുന്നതിനിടെ കണ്ടെയ്‌നറുകൾ പൊട്ടുന്നതിലൂടെ ഒരു ദിവസം മൂന്ന് ലോഡ് ടിന്നുകൾ
വരെ നഷ്ടമാകുന്നു. ഗുണമേന്മ ഇല്ലാത്ത അരവണ കണ്ടെയ്‌നറുകൾ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. ഇത് കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇൻസിനറേറ്ററിൽ ഇട്ടാണ് കത്തിച്ചു കളയുന്നത്. ഒരു ദിവസം മൂന്ന് ലോഡോളം ഉപയോഗശൂന്യമായ കണ്ടെയ്‌നറുകൾ ആണ് കത്തിച്ചുകളയുന്നത്. ഇത് ദേവസ്വം ബോർഡിന് വലിയ പ്രതിസന്ധിയാകുന്നു.

ഗുണമേന്മ ഇല്ലാത്ത ടിന്നുകളാണ് യന്ത്ര സംവിധാനത്തിൽ അരവണ നിറയ്‌ക്കുമ്പോൾ പൊട്ടുന്നത്. ഇതോടെ വലിയ രീതിയിലുള്ള നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടാകുന്നത്. എന്നാൽ കാര്യമായ ഒരു നടപടിയും ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കരാർപ്രകാരം യഥാസമയത്ത് കണ്ടെയ്‌നർ എത്തിക്കാത്തതിന് കമ്പനിക്ക് നോട്ടീസ് നൽകുക മാത്രമാണ് ദേവസ്വം ബോർഡ് ചെയ്തിരിക്കുന്നത്.

കരാർ ഉറപ്പിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലും സമാന പ്രശ്‌നം ഉണ്ടായിരുന്നു. അന്ന് ഇത് വലിയ വാർത്തയായിട്ടും ദേവസ്വം ബോർഡ് അനങ്ങിയില്ല. ഈ കമ്പനി ടിൻ നൽകുന്ന മറ്റു ക്ഷേത്രങ്ങളിലും ഈ പ്രശ്‌നം നിലനിൽക്കുണ്ട്. നേരത്തെയും ഗുണനിലവാരമില്ലാത്ത ടിന്നുകൾ കമ്പനി വിതരണം ചെയ്തത് വിവാദമായിരുന്നു.

ടിന്നുകൾ ആവശ്യം അനുസരിച്ച് വിതരണം ചെയ്യാതിരുന്നതിനും ഹൈക്കോടതി കമ്പനിക്ക് താക്കീത് നൽകിയിരുന്നു. ആവശ്യത്തിന് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്നാണ് കോടതി കമ്പനിക്ക് നൽകിയ താക്കീത്.